കോട്ടയം ജില്ലയിലെ രണ്ടാം എം.ഇ.ആര്‍.സി, ഇതള്‍ നോട്ട്ബുക്ക് യൂണിറ്റ് ഉദ്ഘാടനം എന്നിവ മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

കോട്ടയം ജില്ലയിലെ ഉഴവൂര്‍ ബ്ലോക്കിലെ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ (എം.ഇ.ആര്‍.സി), വെളിയന്നൂര്‍ ബഡ്‌സ് സ്‌കൂളിലെ ‘ഇതള്‍’ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് സെപ്റ്റംബര്‍ 24ന് നിര്‍വഹിച്ചു.

കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ബ്ലോക്ക്തല സംവിധാനമാണ് എം.ഇ.ആര്‍.സി. ജില്ലയില്‍ പള്ളം ബ്ലോക്കിലും എം.ഇ.ആര്‍.സി പ്രവര്‍ത്തിക്കുന്നുണ്ട്. അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴിലും വരുമാന സാധ്യതകളും വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള പിന്തുണകള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങളായ എം.ഇ.ആര്‍.സി കള്‍ നിലവില്‍ 17 ബ്ലോക്കുകളിലാണ് ആരംഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായതും ഫലപ്രദമായതുമായ നിരീക്ഷണവും പിന്തുണാ സഹായങ്ങളുമേകി കുടുംബശ്രീ സംരംഭങ്ങളെ ഉയര്‍ന്നതലത്തിലേക്ക് എത്തിക്കുകയാണ് എം.ഇ.ആര്‍.സികള്‍ മുഖേന ലക്ഷ്യമിടുന്നത്.

2023 മാര്‍ച്ചില്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് ആദ്യ എം.ഇ.ആര്‍.സിക്ക് കുടുംബശ്രീ തുടക്കമിട്ടത്. ഇപ്പോള്‍ വയനാട് ഒഴികെ 13 ജില്ലകളിലും എം.ഇ.ആര്‍.സി കള്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം കൂടാതെ കണ്ണൂരിലും എറണാകുളത്തും മലപ്പുറത്തും രണ്ട് വീതം എം.ഇ.ആര്‍.സികളുമുണ്ട്. ബ്ളോക്ക്തലത്തില്‍ ഉപജീവന പ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായ എം.ഇ.ആര്‍.സികള്‍ക്കൊപ്പം കോള്‍ സെന്ററുകള്‍, ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയുമുണ്ടെന്നതും മറ്റൊരു പ്രത്യേകത. ചടയമംഗംലം (കൊല്ലം), കോന്നി (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), അഴുത (ഇടുക്കി), കോതമംഗംലം, മുളന്തുരുത്തി (എറണാകുളം), ഒല്ലൂക്കര (തൃശ്ശൂര്‍), ആലത്തൂര്‍ (പാലക്കാട്), വടകര (കോഴിക്കോട്), തലശ്ശേരി, ഇരിട്ടി (കണ്ണൂര്‍), കാസര്‍ഗോഡ് (കാസര്‍ഗോഡ്), മങ്കട,വണ്ടൂര്‍ (മലപ്പുറം) ബ്ലോക്കുകളിലും എം.ഇ.ആര്‍.സികള്‍ പ്രവര്‍ത്തിക്കുന്നു.

കനിവിനൊപ്പം ഇതളും

വെളിയന്നൂര്‍ ബഡ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘കനിവ്’ സംരംഭത്തോടനു ബന്ധിച്ചാണ് ആധുനിക യന്ത്രസഹായത്തോടെയുള്ള നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വരുമാന മാര്‍ഗ്ഗം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. മാത്യു, പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.