‘മൈന്‍ഡ് ബ്ളോവേഴ്സ്-സംസ്ഥാനതല ക്യാമ്പയിന്‍; ബ്ലോക്ക്തല റിസോഴ്സ് അധ്യാപകര്‍ക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഈ വര്‍ഷം മെയ് മുതല്‍ കുടുംബശ്രീ ബാലസഭാ കുട്ടികള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ‘മൈന്‍ഡ് ബ്ളോവേഴ്സ്’- സംസ്ഥാനതല ക്യാമ്പയിന്‍റെ ഭാഗമായി ബ്ളോക്ക്തല റിസോഴ്സ് അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനം തിരുവനന്തപുരം മാര്‍ ഇവാനിയോസ് സെന്‍ററില്‍  സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത മൂന്നൂറോളം അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ  50,000 കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ കൂടി പരിശീലിപ്പിക്കുക എന്നതാണ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ക്യാമ്പെയ്ന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കുട്ടികളുടെ സര്‍ഗാത്മകതയും ചിന്താശേഷിയും വികസിപ്പിക്കുന്നതിനായി പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കിയിരുന്നു. ഈ മൊഡ്യൂള്‍ പ്രകാരം കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടിയുള്ള പരിശീലനമാണ് ബ്ളോക്ക്തല റിസോഴ്സ് അധ്യാപകര്‍ക്ക് നല്‍കിയത്.

എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ഡോ.രാജേഷ് വള്ളിക്കോട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വി.അജയ കുമാര്‍, ആര്‍.എസ് ബൈജു കുമാര്‍, ഡോ.ഗീതാ ലക്ഷ്മി, എസ്.സുരേഷ് കുമാര്‍, ഗിരീഷ് ആനന്ദ്,  കെ. ജോണ്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

രണ്ടു ഘട്ടങ്ങളായി നടപ്പാക്കുന്ന ക്യാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലുമുള്ള കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെയുള്ള പരിശീലനമാണ് ലഭ്യമാകുക. വിദ്യാഭ്യാസ രംഗത്ത് നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സമൂഹത്തിലേക്ക് കേരളത്തെ നയിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ടാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ഉദ്യം ലേണിങ്ങ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍.