ഗുരുഗ്രാമില്‍ ഉണ്ടൊരു കുടുംബശ്രീ മിനി ‘കേരളം’

കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങളും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മറുനാടന്‍ മലയാളികള്‍ക്ക് ലഭ്യമാക്കി ഹരിയാനയിലെ ഗുരുഗ്രാമിലെ ആജീവിക സരസ് മേളയില്‍ താരമായി കുടുംബശ്രീ. സെക്ടര്‍ 29 ലെഷര്‍വാലി പാര്‍ക്കില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്ന മേള ഈ മാസം 29 വരെയാണ്.

കുടുംബശ്രീ ബ്രാന്‍ഡഡ് ചിപ്‌സും കറിപ്പൊടികളും കൂടാതെ കരകൗശല വസ്തുക്കളും ഭക്ഷ്യ ഉത്പന്നങ്ങളുമെല്ലാം 13 സ്റ്റാളുകളിലായി ലഭ്യമാക്കിയിരിക്കുന്നു. ഇത് കൂടാതെ ഇന്ത്യ ഫുഡ് കോര്‍ട്ടില്‍ കോഴിക്കോട് (നവനീതം), എറണാകുളം (ലക്ഷ്യ), പാലക്കാട് (സ്‌നേഹ) ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകള്‍ ബിരിയാണി, പൊറോട്ട, ലഘുഭക്ഷണങ്ങള്‍, ദോശ, ജ്യൂസ് എന്നിങ്ങനെയുള്ള വിഭവങ്ങളും തയാറാക്കി നല്‍കുന്നു. കുടുംബശ്രീ എന്‍.ആര്‍.ഒ.യ്ക്കാണ് ഫുഡ് കോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല.

കൊല്ലം (ധനശ്രീ), ഇടുക്കി (പ്രിയ, ആരതി), എറണാകുളം (ഐശ്വര്യ), തൃശ്ശൂര്‍ (തണല്‍), പാലക്കാട് (ശ്രീ. അമ്മാള്‍, ചാമുണ്ഡേശ്വരി, അര്‍ച്ചന, ഉദയഗിരി) മലപ്പുറം (തിളക്കം, സ്പ്രിങ്), വയനാട് (സ്വരലയ), കണ്ണൂര്‍ (വൈഢൂര്യം) ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ഗുരുഗ്രാമിലെ കൊമേഴ്‌സ്യല്‍ സ്റ്റാളില്‍ എത്തിച്ചിരിക്കുന്നത്.

അപ്പോള്‍ മേള അവസാനിക്കുന്നതിന് മുമ്പ് ഏവരും കുടുംബശ്രീ സ്റ്റാളുകളിലേക്ക് കേരളത്തിന്റെ ഉത്പന്നങ്ങളും വിഭവങ്ങളും ആസ്വദിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കട്ടെ. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ആജീവിക സരസ് മേളയിലേക്ക് സ്വാഗതം.