കേരളത്തിലെ തദ്ദേശീയ മേഖലയിലെ യുവതീയുവാക്കള്‍ക്ക് ഉപജീവന വികസനം സാധ്യമാക്കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബശ്രീ കെ-ടിക് (കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍) പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ജില്ലകളില്‍ പുരോഗമിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലെയും തദ്ദേശീയ മേഖലയില്‍ നിന്ന് പ്രത്യേകം കണ്ടെത്തുന്ന 800 യുവതീയുവാക്കളാണ് കെ-ടിക് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പ്രാദേശിക സാധ്യത മനസ്സിലാക്കിയും വിപണന സാധ്യത ഉറപ്പുവരുത്തിയും ആരംഭിക്കുന്ന സൂക്ഷ്മ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തവും ദീര്‍ഘനാള്‍ ലാഭകരമായി നിലനില്‍ക്കുന്നതുമായ ഒരു ജീവനോപാധി എന്ന നിലയിലുള്ള സംരംഭ വികസനവും ആണ് പദ്ധതി മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. സ്വയം സന്നദ്ധരായി സംരംഭമേഖലയിലേക്ക് എത്തുന്നവര്‍ക്ക് അറിവും അനുഭവവും ശേഷി വികസനവും സാധ്യമാക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സാമ്പത്തിക സഹായം, ഇന്‍ക്യുബേഷന്‍ പരിശീലനമുള്‍പ്പെടെ വിവിധ തുടര്‍ പിന്തുണാസഹായങ്ങളും സംരംഭകര്‍ക്ക് പദ്ധതിയിലൂടെ കുടുംബശ്രീ ഉറപ്പുവരുത്തും.

കെ-ടിക് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ കൃത്യമായി നടപ്പിലാക്കുന്നതിനാണ് ഇന്‍ക്യുബേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ നിര്‍വഹണ പ്രവര്‍ത്തനങ്ങളിലെ പ്രധാന കണ്ണിയാണ് ഈ ഇന്‍ക്യുബേഷന്‍ ടീം. മെന്റര്‍മാര്‍ക്കും ഗുണഭോക്താക്കള്‍ക്കും ആവശ്യമായ പരിശീലനം നല്‍കുക, പദ്ധതിയുടെ നിര്‍വഹണത്തിന് ആവശ്യമായ ഫെസിലിറ്റേഷന്‍ നല്‍കുക തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കുന്നത് ഇന്‍ക്യുബേറ്റര്‍മാരാണ്. കുടുംബശ്രീയുടെ വിവിധ പരിശീലനമേഖലകളില്‍ പ്രവൃത്തി പരിചയം ഉള്ളവരെയാണ് ഇന്‍ക്യുബേറ്റര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗോത്ര സങ്കേതങ്ങളില്‍ അനിമേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്ക് വൈദഗ്ധ്യ പരിശീലനം നല്‍കി അവരെ മെന്റര്‍മാരായി ഉയര്‍ത്തി സംരംഭകരാകുന്നവര്‍ക്ക് പിന്തുണയും ഉറപ്പാക്കുന്നു. നിലവില്‍ സംസ്ഥാനമൊട്ടാകെ 421 അനിമേറ്റര്‍മാര്‍ക്ക് മെന്റര്‍മാരാകാനുള്ള പരിശീലനവും നല്‍കിക്കഴിഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് 277 യുവതീയുവാക്കളെ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. മറ്റു ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഈ മാസത്തോടെ പൂര്‍ത്തിയാക്കും.
