കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി (എന്‍.യു.എല്‍.എം) യുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇന്നു(ഡിസംബര്‍ 27) മുതല്‍ ജനുവരി ഒന്നു വരെ ‘സാംഝ ഉല്‍സവ്’ അയല്‍ക്കൂട്ട മേളയും ‘കുടുംബശ്രീ അങ്ങാടി’-ഉല്പന്ന വിപണന ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നു. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലാണ് അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പരിപാടികള്‍. ഫോര്‍ട്ട് കൊച്ചി കോര്പ്പറേഷന് സോണല്‍ ഓഫീസിനു സമീപം ഓപ്പണ്‍ എയര്‍ തിയേറ്റര്‍ കോംപ്ളക്സിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടിലുമാണ് പരിപാടികള്‍ അരങ്ങേറുക. അയല്‍ക്കൂട്ടങ്ങളുടെയും ചെറുകിട സംരംഭകരുടെയും സ്വയംതൊഴിലിനും ഉല്പന്നങ്ങള്ക്കും പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം.
‘കുടുംബശ്രീ അങ്ങാടി’യില്‍ അമ്പതിലേറെ സ്റ്റാളുകള്‍ ഉണ്ടാകും. ഇതില്‍ കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലെ മുഴുവന്‍ സംരംഭകരും തങ്ങളുടെ ഉല്‍പന്നങ്ങളെത്തിക്കും. കാന്റീന് കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരും പദ്ധതി ഗുണഭോക്താക്കളായ തെരുവോര കച്ചവടക്കാരും തയ്യാറാക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കോര്‍ട്ടും ‘കുടുംബശ്രീ അങ്ങാടി’യുടെ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി രാജ്യമൊട്ടാകെയുള്ള നഗരപ്രദേശങ്ങളില്‍ കൈവരിച്ച പുരോഗതി സംബന്ധിച്ച് വീഡിയോ പ്രദര്‍ശനവും ഉണ്ടാകും. പരിപാടിയില്‍ പൊതുജന പങ്കാളിത്തവും ഉറപ്പാക്കുന്നുണ്ട്.
നഗരദാരിദ്ര്യലഘൂകരണം ലക്ഷ്യമിട്ടു കൊണ്ട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നഗരമേഖലയില്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം. അതത് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍. 2015-ലാണ് കേരളത്തില്‍ ആദ്യഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതിയുടെ മികവ് ഇതിനകം ദേശീയതലത്തില്‍ നിരവധി തവണ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
