കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനത്തില്‍ 5000 രൂപയുടെ വര്‍ധന

പുതുവത്സര സമ്മാനമായി കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വര്‍ധിപ്പിച്ച് 20,000 രൂപയാക്കി. നിലവില്‍ 15,000 രൂപയായിരുന്ന വേതനമാണ് 20,000 രൂപയാക്കിയത്. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാന്‍സ്, മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(എം.ഐ.എസ്) എന്നീ മൂന്ന് വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന എം.ഐ.എസ് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 152 ബ്ളോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന 152 ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. എം.ഐ.എസ് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതന വര്‍ധനവിനായി 3.64 കോടി രൂപ എന്‍.ആര്‍.എല്‍.എം വാര്‍ഷിക കര്‍മപദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.

വേതനം വര്‍ധിപ്പിച്ചതിനൊപ്പം കുടുംബശ്രീയുടെ കീഴില്‍ വിവിധ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെയും വേതനം  20,000 രൂപയായി ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്.

ചെയര്‍പേഴ്സണ്‍ ഒഴികെയുള്ള സി.ഡി.എസ് അംഗങ്ങള്‍ക്ക് പ്രതിമാസം 500 രൂപ യാത്രാ ബത്ത അനുവദിക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 18400 ഓളം വരുന്ന സി.ഡി.എസ് അംഗങ്ങള്‍ക്കായി പ്രതിവര്‍ഷം 11.02 കോടിയാണ് ഈ ഇനത്തില്‍  വിനിയോഗിക്കുക.