കുടുംബശ്രീ സി.ഡി.എസുകളുടെ പ്രവര്‍ത്തന കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തി അതുവഴി സംഘടനാസംവിധാനം ശാക്തീകരിക്കുക ലക്ഷ്യമിട്ടുള്ള കുടുംബശ്രീ റൈസ് (റീവൈറ്റലൈസിങ്ങ് ഇൻസ്റ്റിറ്റ്യൂഷൻ ആന്‍ഡ് സ്ട്രെങ്തനിങ്ങ് എക്സലന്‍സ്) ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ശില്‍പ്പശാല സംഘടിപ്പിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളുടെയും പ്രവര്‍ത്തനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിക്കൊണ്ട് ത്രിതല സംഘടനാസംവിധാനത്തെ ഒന്നാകെ ശക്തിപ്പെടുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
കുടുംബശ്രീ സി.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മോണിറ്ററിങ് ചെയ്യാനാകുന്ന തരത്തില്‍ ബൃഹത്തായ മോണിറ്ററിങ് സംവിധാനം ഒരുക്കി അതുവഴി സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്യുക. ഈ മോണിറ്ററിങ് സംവിധാനം അന്തിമമാക്കുന്നതിനുള്ള ശില്‍പ്പശാലയാണ് ഇന്ന് കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസില്‍ സംഘടിപ്പിച്ചത്.
കുടുംബശ്രീ മിഷന് ഉദ്യോഗസ്ഥര്‍, ‘എന്റെ സി.ഡി.എസ്’ എന്ന പേരില്‍ സി.ഡി.എസുകളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനായി ചുമതല നല്‍കിയിട്ടുള്ള ജീവനക്കാര്‍ എന്നിവരാണ് ക്യാമ്പയിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
