അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിക്ക് മുന്നോടിയായി ചിത്രരചനാ പരിപാടി നടത്തി

ജനുവരി 18,19 തീയതികളിലായി തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ ബാലസഭാ കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിക്ക് മുന്നോടിയായി ചിത്രരചനാ പരിപാടി നടത്തി. 25ഓളം ചിത്രകാരന്മാര്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം ജനുവരി 17 ന് തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയം റേഡിയോ മണ്ഡപത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് നിർവഹിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ്. ജി, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ സ്വാതി കൃഷ്ണന്‍. എസ് എന്നിവര്‍ പങ്കെടുത്തു.

‘മാലിന്യമുക്തം നവകേരളം ‘ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വേണ്ടി 2024 ഏപ്രിൽ മുതൽ സംഘടിപ്പിച്ചുവന്ന ശുചിത്വോത്സവം 2.0 ൻ്റെ സമാപനത്തോടനുബന്ധിച്ചാണ് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ശുചിത്വോത്സവം 2.0 ൻ്റെ ഭാഗമായി തങ്ങളുടെ പ്രദേശത്തെ പരിസ്ഥിതി, മാലിന്യം, വികസനം, വിദ്യാഭ്യാസം, പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുട്ടികള്‍ കണ്ടെത്തുകയും ആ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണവും പഠനവും നടത്തി പ്രബന്ധങ്ങള്‍ തയാറാക്കുകയുമായിരുന്നു. ഇങ്ങനെ തയാറാക്കിയ 80 ഓളം പ്രബന്ധങ്ങളില്‍ നിന്നുള്ള 20 പ്രബന്ധങ്ങളാണ് ശുചിത്വ ഉച്ചകോടിയുടെ ഭാഗമായി നിശാഗന്ധിയിലെ പ്രധാന വേദിയില്‍ അവതരിപ്പിക്കുക. ശേഷിച്ച 60 പ്രബന്ധങ്ങള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തന്നെ ഒരുക്കിയിരിക്കുന്ന 14 വേദികളിലായും അവതരിപ്പിക്കും. ബലസഭംഗങ്ങളായ 750 ലേറെ കുട്ടികൾ ശുചിത്വ ഉച്ചകോടിയുടെ ഭാഗമാകും.