നല്ല ആവി പറക്കുന്ന പുട്ടും ഇഡലിയും ദോശയും ഒപ്പം കപ്പയും മീന്‍കറിയും കൂടാതെ സ്വാദൂറും കൊഴുക്കട്ടയും പഴംപൊരിയും…അതേ ഇതെല്ലാം ന്യൂഡല്‍ഹിയിലുള്ള കേരള ഭക്ഷണ പ്രേമികള്‍ക്ക് ആവോളം ആസ്വദിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍ കുടുംബശ്രീ. ന്യൂഡല്‍ഹിയില്‍ വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ഇന്ത്യാഗേറ്റ് നോര്‍ത്ത് ഭാഗത്ത് സെന്‍ട്രല്‍ വിസ്ത പ്രോജക്ടിന്റെ ഭാഗമായാണ് പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാക്കി കഫേ കുടുംബശ്രീ കിയോസ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ആജീവിക സരസ് മേളയുടെയും മറ്റും ഭാഗമായി കുടുംബശ്രീ ഡല്ഹിയിലൊരുക്കുന്ന ഫുഡ്കോര്‍ട്ടുകളില്‍ ഭക്ഷണവൈവിധ്യമാസ്വദിക്കാനെത്തുന്നവര്ക്ക് ഇനി കാത്തിരിപ്പില്ലാതെ സ്ഥിരമായി ‘കഫേ കുടുംബശ്രീ’ യില്‍ നിന്ന് കേരള രുചികള്‍ ആസ്വദിക്കാമെന്ന് ചുരുക്കം.
കാസര്‍ഗോഡ് നീലേശ്വരത്ത് നിന്നുള്ള കുടുംബശ്രീ അംഗങ്ങളായ ലീന, അംബിക, ആതിര എന്നിവരാണ് ഇവിടെ കഫേ കുടുംബശ്രീ കിയോസ്ക് പ്രവര്‍ത്തിപ്പിക്കുന്നത്. സല്‍ക്കാര എന്ന പേരില്‍ കാസര്‍ഗോഡ് കാറ്ററിങ് യൂണിറ്റ് നടത്തി വന്നിരുന്ന ഇവര്‍ ഇനി മുതല്‍ ഇന്ത്യാഗേറ്റിനോട് ചേര്‍ന്നുള്ള ഈ കിയോസ്ക് വഴി രാവിലെ 9 മുതല്‍ രാത്രി 11 വരെ വിഭവങ്ങള്‍ വിളമ്പും.
കുടുംബശ്രീയുടെ പരിശീലന ഗ്രൂപ്പായ ഐഫ്രം (AIFRHM- അദേഭാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലി മാനേജ്മെന്റ്) ആണ് ഈ സംരംഭകര്‍ക്ക് പരിശീലനവും ഒരു മാസത്തേക്കുള്ള പിന്തുണാസഹായവും നല്‍കുന്നത്. ഫുഡ് കിയോസ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 9ന് നടന്ന ചടങ്ങില്‍ ശ്രീ. ചേതന്‍ കുമാര്‍ മീണ ഐ.എ.എസ് (അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ – കേരള ഹൗസ്, ന്യൂഡല്‍ഹി) നിര്‍വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എസ്.എസ്, ഷൈജു ആര്.എസ്, ഐഫ്രം പ്രതിനിധികളായ അജയൻ, സജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
