ദേശീയ സരസ് മേള ചെങ്ങന്നൂരില്‍ – 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണ്ണം; 18ന് 1500 കുടുംബശ്രീ അംഗങ്ങളുടെ കൂട്ടപ്പാട്ടും

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമാകാന്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനായി പൂര്‍ത്തീകരിച്ചു. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജനുവരി 18 മുതല്‍ 31 വരെയാണ് മേള. ഔദ്യോഗിക ഉദ്ഘാടനം 20നാണ്. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന 250 വിപണന സ്റ്റാളുകളാണ് മേളയിലുണ്ടാകുക. സ്റ്റേഡിയത്തില്‍ സ്റ്റാളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണ കൗണ്ടറുകള്‍ ഒരുക്കും. ഇവര്‍ക്കായി താമസ സൗകര്യങ്ങളും തയ്യാറായിട്ടുണ്ട്.

18ന് സംഘടിപ്പിക്കുന്ന വിപുലമായ വിളംബര ഘോഷയാത്രയോട് അനുബന്ധിച്ച് 1500 കുടുംബശ്രീ അംഗങ്ങള്‍ ഭാഗമാകുന്ന കൂട്ടപ്പാട്ട് സംഘടിപ്പിക്കും. ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ ജംക്ഷന്‍, വെള്ളാവൂര്‍ ജംക്ഷന്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിളംബര ഘോഷയാത്രകള്‍ സ്റ്റേഡിയത്തില്‍ സമാപിച്ച ശേഷമാണ് കൂട്ടപ്പാട്ട് ആരംഭിക്കുക. ‘ഒരുമിച്ചുണരാം, ഒരുമിച്ചുയരാം..’ എന്നാരംഭിക്കുന്ന കുടുംബശ്രീ മുദ്രഗീതം ഉള്‍പ്പെടെ മൂന്നു ഗാനങ്ങളാണ് കൂട്ടപ്പാട്ടിന്റെ ഭാഗമായി ആലപിക്കുക. ജില്ലയിലെ എല്ലാ സി.ഡി.എസില്‍ നിന്നുമുള്ള അംഗങ്ങളും കൂട്ടപ്പാട്ടില്‍ പങ്കെടുക്കും.