അറിവിന്‍റെ ഉത്സവാഘോഷമായി കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടി അറിവിന്‍റെ ഉത്സവാഘോഷമായി. പരിസ്ഥിതി സംരക്ഷണം, മാനവരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മാലിന്യഭീഷണി എന്നിവ ഉള്‍പ്പെടെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഏതു പ്രശ്നത്തെ കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും അപഗ്രഥന ശേഷിയും അവതരണ മികവും പ്രശ്നപരിഹാര നിര്‍ദേശ ശേഷിയും വ്യക്തമാക്കുന്നതായിരുന്നു കുട്ടികള്‍ അവതരിപ്പിച്ച എല്ലാ പ്രബന്ധങ്ങളും. ഒപ്പം മറ്റു കുട്ടികളുടെ പ്രബന്ധാവതരണങ്ങള്‍ കാണാനും വിവിധ മേഖലയിലെ വിദഗ്ധരുമായി ആശയസംവാദം നടത്താനും കുട്ടികള്‍ക്ക് ഉച്ചകോടി അവസരമൊരുക്കി.

നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രധാനവേദിയില്‍ പൊതുവിഭാഗത്തില്‍ അഞ്ചു പ്ളീനറി സെഷനുകളും മറ്റു പതിനാല് വേദികളില്‍ 14 ജില്ലകളില്‍ നിന്നു തിരഞ്ഞെടുത്ത ഏറ്റവും മികച്ച പ്രബന്ധങ്ങളുമാണ് അവതരിപ്പിച്ചത്. പ്ളീനറി സെഷനില്‍ സീറോ വേസ്റ്റ് മാനേജ്മെന്‍റ്, ഗാര്‍ഹിക മാലിന്യ സംസ്ക്കരണം, കെമിക്കലുകളും രാസവസ്തുക്കളും കാരണമായുണ്ടാകുന്ന മലിനീകരണം, ജലസ്രോതസുകളെ മലിനീകരണ വിമുക്തമാക്കല്‍ തുടങ്ങി വിവിധ മേഖലകളെ ആസ്പദമാക്കിയായിരുന്നു കുട്ടികളുടെ പ്രബന്ധാവതരണം. ഇതോടൊപ്പം കിണര്‍ മലിനീകരണവും ഗാര്‍ഹിക ദ്രവ മാലിന്യ സംസ്ക്കരണവും, വെളളപ്പൊക്ക ബാധിത പ്രദേശവും മാലിന്യ പ്രശ്നവും, ഗാര്‍ഹിക മാലിന്യ സംസ്ക്കരണവും കുടുംബങ്ങളുടെ മനോഭാവവും, പശുവളര്‍ത്തലും മാലിന്യസംസ്ക്കരണവും, ഗാര്‍ഹിക ഭക്ഷ്യാവശിഷ്ട സംസ്ക്കരണം, സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിനോദസഞ്ചാര മേഖലയിലെ മാലിന്യപ്രശ്നങ്ങള്‍, ഇലക്ട്രോണിക് മാലിന്യ സംസ്ക്കരണം, സ്കൂള്‍ വിദ്യാര്‍ത്ഥികളും ശുചിത്വ ശീലവും തുടങ്ങി ശ്രദ്ധേയമായ വിവിധ വിഷയങ്ങളും കുട്ടികള്‍ പ്രബന്ധാവതരണത്തിലൂടെ ഉയര്‍ത്തിക്കാട്ടി.

പ്രബന്ധം അവതരിപ്പിച്ച കുട്ടികളോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കാനും അതിന് കൃത്യവും ആധികാരികവുമായ രീതിയില്‍ ആത്മവിശ്വാസത്തോടെ ഉത്തരം നല്‍കാനും കുട്ടികള്‍ക്ക് കഴിഞ്ഞതും ശ്രദ്ധേയമായി.

രണ്ടു ദിവസങ്ങളിലായി നടന്ന പ്ളീനറി സെഷനുകളില്‍ ശുചിത്വ മിഷന്‍ സാനിട്ടേഷന്‍ എക്സ്പേര്‍ട്ട് വിപിന്‍ എസ്, കേരള വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊജക്ട് മാനേജര്‍ അഖിലേഷ്, കില അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ.വിനോദ് എസ്, കില കെ.എസ്.ഡബ്ളിയു.എം.പി ട്രെയിനിങ്ങ് കോര്‍ഡിനേറ്റര്‍ ശ്രീജ കെ, ശുചിത്വ മിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീത എ.എം, കെ.എസ്.ഡി.എം.എ പബ്ളിക് ഹെല്‍ത്ത് മെമ്പര്‍ ഡോ.ജോയ് ഇളമണ്‍, ക്ളൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സസ്റ്റെയിനബിലിറ്റി കണ്‍സള്‍ട്ടന്‍റ് ജെവിക് വി.റെയ്ന്‍.ജെ എന്നിവര്‍ കുട്ടികളുടെ പ്രബന്ധാവതരണങ്ങള്‍ വിലയിരുത്തി.