കുടുംബശ്രീയും കേരള സാഹിത്യ അക്കാഡമിയും കിലയും സംയുക്തമായി അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സര്‍ഗ്ഗം 2025 ത്രിദിന സാഹിത്യശില്‍പ്പശാല സമാപിച്ചു. സര്‍ഗ്ഗം സംസ്ഥാനതല കഥാരചനാ മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുത്ത 40 വനിതകളാണ് കില ആസ്ഥാനമായ മുളങ്കുന്നത്ത്കാവില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഭാഗമായത്.
ഇന്ന് സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കര്‍ ശില്‍പ്പശാലയുടെ ഭാഗമായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കില അസിസ്റ്റന്റ് ഡയറക്ടര്‍ (ട്രെയിനിങ്) ഡോ. കെ.പി.എന്‍. അമൃത അധ്യക്ഷയായ ചടങ്ങിൽ ക്യാമ്പ് ഡയറക്ടര്‍ വി.എസ്. ബിന്ദു ശില്‍പ്പശാലാ അവലോകനം നിര്‍വഹിച്ചു. കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. യു. സലിൽ, എഴുത്തുകാരി കെ. രേഖ എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാഡമി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ്. സുനില്‍ കുമാര്‍ സ്വാഗതവും കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
സമാപനദിനത്തില്‍ രാവിലെ മലയാളകവിതയുടെ പരിണാമം എന്ന വിഷയത്തില്‍ കെ.വി. സജയ്, വായന, എഴുത്ത്, അനുഭവം എന്ന വിഷയത്തില്‍ കെ. രേഖ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
