വയോജന ക്ഷേമത്തിനും അവരുടെ ശാരീരി മാനസിക ഉല്ലാസത്തിനുമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 1070 സി.ഡി.എസുകളിലും തലമുറ സംഗമം സംഘടിപ്പിക്കുന്നു. ലോക സന്തോഷദിനമായ മാര്‍ച്ച് 20-നോടുബന്ധിച്ച് മാര്‍ച്ച് പത്തിനും 25നും ഇടയിലാണ് തലമുറ സംഗമം സംഘടിപ്പിക്കുക. വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒപ്പം വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് ധാരണ നല്‍കുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടുതല്‍ വയോജനങ്ങളെ കുടുംബശ്രീ സംവിധാനത്തിന്‍റെ ഭാഗമാക്കുന്നതിനും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതിനും ഉദ്ദേശിക്കുന്നു.
സംസ്ഥാനമൊട്ടാകെ 25992 വയോജന അയല്‍ക്കൂട്ടങ്ങളും അതില്‍ 2,83615 വയോജനങ്ങളുമുണ്ട്. തലമുറ സംഗമത്തിന്‍റെ ഭാഗമായി ഓക്സിലറി ഗ്രൂപ്പുമായി ചേര്‍ന്ന് ഒരു ദിവസത്തെ ഒത്തുകൂടലാണ് ഇവര്‍ക്കായി സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ‘വയോജന സൗഹൃദ നവകേരളം’ എന്ന വിഷയത്തില്‍ സെമിനാറും ഇതുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളില്‍ ചര്‍ച്ചയും സംഘടിപ്പിക്കും. സി.ഡി.എസ് തലത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ വയോജന ക്ഷേമം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സി.ഡി.എസ്തലത്തിലും തുടര്‍ന്ന് ജില്ലാതലത്തിലും ക്രോഡീകരിച്ച് സംസ്ഥാനമിഷനില്‍ ഏപ്രില്‍ പത്തിന് മുമ്പായി നല്‍കും. ഇതു പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഘടക സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് മുന്തിയ പരിഗണന ഉറപ്പാക്കുന്നതിനായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
