ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി സൗജന്യതൊഴില്‍ നൈപുണ്യ പരിശീലനവും തൊഴിലും – സംസ്ഥാനത്ത് 45341 യുവജനങ്ങള്‍ക്ക് തൊഴില്‍

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യതൊഴില്‍ നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ)-പദ്ധതി വഴി ഇതുവരെ തൊഴില്‍ ലഭ്യമാക്കിയത് 45341 യുവജനങ്ങള്‍ക്ക്.  621 പേര്‍ക്ക് വിദേശത്തും തൊഴില്‍ ലഭ്യമായി. പദ്ധതി വഴി നാളിതു വരെ 77965 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 ഗ്രാമീണ മേഖലയിലെ 18-35നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കളാണ് പദ്ധതി ഗുണഭോക്താക്കള്‍. നിലവില്‍  33 മേഖലകളിലായി ആകര്‍ഷകമായ നൂറിലേറെ പുതുതലമുറ കോഴ്സുകള്‍ നടത്തുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലാപ്ടോപ് ഉള്‍പ്പെടെ പഠന സാമഗ്രികള്‍, യൂണിഫോം, ഹോസ്റ്റല്‍ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കുന്നതും ഉറപ്പായ തൊഴിലും ഏറെ പേരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങളായ ‘ആശ്രയ’ പദ്ധതി ഗുണഭോക്താക്കളില്‍ 932 പേര്‍ക്ക് തൊഴില്‍ പരിശീലനവും 457 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. കൂടാതെ പട്ടികജാതി വിഭാഗത്തില്‍ പെട്ട 19356 പേര്‍ക്ക് പരിശീലനവും 9544 പേര്‍ക്ക് തൊഴിലും നല്‍കി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 4947 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതില്‍ 2252 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തുറമുഖ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി കേന്ദ്ര തുറമുഖ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട്   ‘സാഗര്‍മാല’ പദ്ധതിയും നടപ്പാക്കുന്നു. ഈ പദ്ധതി വഴി  269 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും 159 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതിയുടെ ഭാഗമായി മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് 14 ജില്ലകളിലും റൂറല്‍ സെല്‍ഫ് എംപ്ളോയ്മെന്‍റ് സൊസൈറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഇതിന്‍റെ ചുമതലയുള്ള ലീഡ് ബാങ്കുകള്‍ വഴി കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 3403 ബാച്ചുകളിലായി 92823 ഗുണഭോക്താക്കള്‍ക്കും ഗ്രാമീണ മേഖലയില്‍ ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട 61842 പേര്‍ക്കും സ്വയംതൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ രംഗത്തുമായി 78832പേര്‍ക്കും സ്വയംതൊഴില്‍ രംഗത്തു മാത്രമായി 74555 പേര്‍ക്കുമാണ് തൊഴില്‍ ലഭ്യമാക്കിയത്.

കേരളത്തില്‍ കുടുംബശ്രീയും തൊഴിലുറപ്പ് മിഷനും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ‘ഉന്നതി’ പദ്ധതി വഴിയും തൊഴില്‍ ലഭിച്ചവര്‍ ഏറെയാണ്.