കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് 2025 : ശില്‍പ്പശാലയ്ക്ക് സമാപനം

തൃശ്ശൂര്‍ മുളങ്കുന്നത്ത്കാവ് കിലയില്‍ ഏപ്രില്‍ 21ന് ആരംഭിച്ച കുടുംബശ്രീ അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാല പരിസമാപിച്ചു. ഏപ്രില്‍ 24 വരെ  വിഷയാടിസ്ഥാനത്തിൽ രൂപീകരിച്ച ഉപസമിതികള്‍ക്ക് മുന്നിൽ  പ്രാഥമിക തെരഞ്ഞെടുപ്പിനായുള്ള മത്സരാർത്ഥികളുടെ അവതരണങ്ങളായിരുന്നു സംഘടിപ്പിച്ചത്. ഇന്നലെ അന്തിമ തെരഞ്ഞെടുപ്പും. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ,
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്,  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ്,  കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ കെ.യു എന്നിവരുൾപ്പെട്ട പാനലാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടത്തിയത്.

കുടുംബശ്രീ ദിനമായ മേയ് 17ന് അവാർഡുകൾ  വിതരണം ചെയ്യും.

ആകെ 17 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്‌സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്‌സിലറി സംരംഭം, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍), മികച്ച സി.ഡി.എസ് (കാര്‍ഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ, കെ-ഡിസ്‌ക്) എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും നല്‍കും.