നൂറുമേനിയാകാൻ നൂറാങ്ക്

180ലേറെ പൈതൃക കിഴങ്ങ് വിളകളുടെയും ജൈവവൈവിധ്യങ്ങളുടെയും സംരക്ഷണ കേന്ദ്രമായ ‘നൂറാങ്കി’ൻ്റെ നടീൽ ഉത്സവം തിരുനെല്ലിയിൽ ആഘോഷമായി സംഘടിപ്പിച്ചു. വയനാട്ടിൽ കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലാണ് നൂറാങ്ക് എന്ന ഈ പൈതൃക കിഴങ്ങ് സംരക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഊരിലെ മൂന്ന് കുടുംബശ്രീ കൃഷി സംഘങ്ങളിലെ അംഗങ്ങളായ പത്തോളം സ്ത്രീകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. തദ്ദേശീയ ജനതയുടെ പോഷകസമൃദ്ധമായ നൂറ, നാറ, ചെറു കിഴങ്ങുകൾ, കിഴങ്ങുകളുടെ മറ്റ് വൈവിധ്യങ്ങൾ എന്നിവ വിപുലീകരിച്ചാണ് നാലാം വർഷമായ ഇത്തവണ കൃഷി ചെയ്യുന്നത്.

തദ്ദേശീയ ജനതയുടെ ഭക്ഷ്യ സംസ്ക്കാരം നിലനിർത്തുകയും ഇത്തരം അറിവുകളിലൂടെ ആരോഗ്യമുള്ള പുതുതലമുറയെ വാർ ത്തെടുക്കുകയുമാണ് പദ്ധതി ലക്ഷ്യം.

ഏപ്രിൽ 29ന് സംഘടിപ്പിച്ച നടീൽ ഉത്സവം തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ പി.കെ അധ്യക്ഷനായി. തിരുനെല്ലി സി.ഡി. എസ് ചെയർപേഴ്സൺ സൗമിനി. പി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിമല വി. എം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റുഖിയ സൈനുദ്ധീൻ, കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ അമീൻ, സി. ഡി.എസ് ഉപസമിതി അംഗങ്ങളായ പുഷ്പ, പ്രേമ, സുമതി, ഊരു മൂപ്പൻ മോഹനൻ എന്നിവർ സംസാരിച്ചു. പ്രത്യേക പദ്ധതി കോർഡിനേറ്റർ സായ് കൃഷ്ണൻ, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെൻ്റർമാർ, ഊരു നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.