കുടുംബശ്രീ പന്ത്രണ്ടാമത് ദേശീയ സരസ് മേളയ്ക്ക്  കോഴിക്കോട്ട് തുടക്കം

കലയും സാഹിത്യവും സമ്മേളിക്കുന്ന കോഴിക്കോടിന്‍റെ മണ്ണില്‍ കുടുംബശ്രീ പന്ത്രണ്ടാമത് ദേശീയ സരസ് മേളയ്ക്ക്  ഇന്നലെ തുടക്കമായി. ദേശീയ സരസ് മേളയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നു മുതല്‍ 12 വരെ കോഴിക്കോട് കടപ്പുറത്തു സംഘടിപ്പിക്കുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (3-2-2025) കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തിനു മുന്നോടിയായി വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയില്‍ നൂറു കണക്കിന് കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും. ഘോഷയാത്രക്ക് മാറ്റുകൂട്ടാന്‍ വിവിധ നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. സരസ്മേളയിലേക്കുള്ള സന്ദര്‍ശനം സൗജന്യമാണ്. ഈവര്‍ഷത്തെ രണ്ടാമത്തെ ദേശീയ സരസ് മേളയാണ് കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്. ജനുവരിയില്‍ ചെങ്ങന്നൂരിലായിരുന്നു ആദ്യത്തേത്.  

ഇന്ത്യന്‍ ഗ്രാമീണ സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന അപൂര്‍വതയാണ് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്കുള്ളത്. ആയിരത്തോളം സംരംഭകര്‍ ഇത്തവണ സരസ് മേളയില്‍ പങ്കെടുക്കും. സരസ് മേളയോടനുബന്ധിച്ച്  64,000 ചതുരശ്ര അടിയില്‍ പൂര്‍ണമായി ശീതീകരിച്ച പവിലിയനും അതില്‍ ആകെ 250 ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകളുമാണുള്ളത്. 190 എണ്ണം കുടുംബശ്രീ സംരംഭകരുടേതും ബാക്കി 60 എണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സംരംഭകരുടേതാണ്. തുണിത്തരങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, തുകല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇവിടെ നിന്നും വാങ്ങാനാകും. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ കാണാനും പരിചയപ്പെടാനും സംരംഭകരില്‍ നിന്നു തന്നെ നേരിട്ടു വാങ്ങാനുള്ള അവസരവും സരസ് മേളയില്‍ ലഭിക്കും.

രുചിവൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന ഫുഡ്കോര്‍ട്ടും ദേശീയ സരസ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഇതില്‍ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തങ്ങളുടെ ഭക്ഷ്യവിഭവങ്ങളുമായെത്തും.

സരസ്മേളയുടെ സായാഹ്നങ്ങളെ കലാസാന്ദ്രമാക്കുന്നതിന്‍റെ ഭാഗമായി പ്രധാന വേദിയില്‍ എല്ലാദിവസവും വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍, മൃദുല വാര്യര്‍, അതുല്‍ നറുകര തുടങ്ങിയ പ്രതിഭകള്‍ സംഗീത വിരുന്നൊരുക്കും. ഇതുകൂടാതെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍, തൈക്വാണ്ടോ, ജിംനാസ്റ്റിക്, യോഗ, കളരിപ്പയറ്റ്, വുഷു എന്നിവയുടെ പ്രദര്‍ശനവും വിവിധ ദിനങ്ങളിലായി പ്രധാനവേദിയില്‍ അരങ്ങേറും.