തൃശ്ശൂര്‍ പൂരം കൂടി വേലൂര്‍ ബി.ആര്‍.സി കുട്ടികള്‍ ഒപ്പം ചേര്‍ന്ന് കളക്ടറും

തൃശ്ശൂരിലെ വേലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ പരിശീലനാര്‍ത്ഥികള്‍ ആരും ഇന്നലെ ഉറങ്ങിയിട്ടുണ്ടാകില്ല. സ്വന്തം നാട്ടിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരത്തില്‍ ഒരിക്കലെങ്കിലും ഭാഗമാകണമെന്ന അവര്‍ ഏവരുടേയും മോഹം സഫലമായ ദിനമായിരുന്നു ഇന്നലെ.

ബി.ആര്‍.സിയിലെ പരിശീലനാര്‍ത്ഥികളും രക്ഷിതാക്കളും വേലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അടങ്ങുന്ന 40 അംഗ സംഘമാണ് പൂരം കൂടാന്‍ തൃശ്ശൂരിലെത്തിയത്. നേരത്തേ ജില്ലാ കളക്ടര്‍  അര്‍ജ്ജുന്‍  പാണ്ഡ്യന്‍  ഐ.എ.എസുമായി നടത്തിയ കൂടിക്കാഴ്ചയില്‍  പരിശീലനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ബി.ആര്‍.സി പരിശീലനാര്‍ത്ഥികള്‍ക്ക് സുഗമമായി പൂരം ആസ്വദിക്കാന്‍ അവസരമൊരുങ്ങിയത്.

പരിശീലനാര്‍ത്ഥികള്‍ പൂരനഗരിയില്‍ എത്തിയത് മുതല്‍ തിരിച്ച് പോരുന്നത് വരെ കളക്ടറും സംഘവും കുട്ടികളോട് ഒപ്പം നിന്നു അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ചയും നടത്തി. തിരക്കിനിടയിലും തങ്ങളുടെ ഈ സ്വപ്‌നം സഫലമാക്കാന്‍ മുന്‍കൈയെടുക്കുകയും ഒപ്പം ചേരുകയും ചേര്‍ന്ന കളക്ടര്‍ക്ക് നന്ദി പറയാനും കുട്ടികള്‍ മറന്നില്ല.