കോഴിക്കോട് സരസ് മേള സന്ദർശിക്കുന്നവരുടെ മനസ്സിൽ ഇടം പിടിക്കുകയാണ് ഇന്ത്യ ഫുഡ് കോർട്ടിലെ സിക്കിമിൽ നിന്നുള്ള സ്റ്റാളിലെ പ്രധാന ഇനമായ ഫ്രൈഡ് മോമോസ്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് ജില്ലയിലെ സംരംഭകരാണ് സരസ് മേളയിൽ ഭക്ഷണ വൈവിധ്യമൊരുക്കാൻ എത്തിയിരിക്കുന്നത്. ആവിയിൽ വേവിച്ച ചിക്കൻ മോമോസ്, ഫ്രൈഡ് മോമോസ് എന്നിങ്ങനെ വ്യത്യസ്തരം മോമോസ് വിഭവങ്ങൾ ആണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
വളരെ മികച്ച രീതിയിൽ ഉള്ള അഭിപ്രായമാണ് ഫുഡ് കോർട്ടിൽ എത്തുന്ന ഓരോ ഭക്ഷണ പ്രേമികളിൽ നിന്നും ലഭിക്കുന്നതെന്നു സംരംഭകരിൽ ഒരാളായ സ്മൃതി പറയുന്നു. കച്ചവടത്തിൽ ദിനംപ്രതി വർധനയുണ്ടെന്നും സ്മൃതി പറഞ്ഞു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് മോമോസ് ഉണ്ടാക്കി വിൽക്കുന്ന സംരംഭം തുടങ്ങിയതെന്നും സ്മൃതി പറഞ്ഞു. സിക്കിമിലെ നിന്നും കേരളത്തിലെ സരസ് മേളയിൽ പങ്കെടുക്കാൻ എത്തിയത് മികച്ച ഒരു അനുഭവമായിരുന്നെന്നും സാക്ഷ്യപ്പെടുത്തുന്നു ഈ സംരംഭക. സിക്കിം മോമോസ് രുചിച്ചു നോക്കാൻ സരസ് മേളയിൽ എത്തുന്നവരും നിരവധിയാണ്. പാഴ്‌സലായും നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ട്.
