പത്താം ക്ലാസ്സ് വിജയിച്ചവര്‍ക്ക് അട്ടപ്പാടിയില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയില്‍ 2024-25 അധ്യയന വര്‍ഷം പത്താം ക്ലാസ്സ് വിജയിച്ച കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു. അഗളി കില കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു.

തദ്ദേശീയ മേഖലയിലെ വിദ്യാര്‍ത്ഥികളും ഉപരിപഠനവും എന്ന വിഷയത്തില്‍ അട്ടപ്പാടി സീനിയര്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശാന്താമണി ഇ.എസ്, പ്ലസ് വണ്‍ ഏകജാലക സംവിധാനം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ അഗളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കണോമിക്‌സ് അധ്യാപകന്‍ റോബിന്‍സ് കെ തോമസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍, എസ്.എസ്.എല്‍.സിക്ക് ശേഷം ഉപരിപഠന സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ അട്ടപ്പാടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഷാഹുല്‍ ഹമീദ്, തദ്ദേശീയ മേഖലയില്‍ നിന്നും സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് എന്ന വിഷയത്തില്‍ ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. കാളിസ്വാമി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

ആനിമേറ്റര്‍മാര്‍ വഴി ഉന്നതികളിലെ പത്താം ക്ലാസ്സ് പാസായ വിദ്യാര്‍ത്ഥികളെല്ലാവരും ഏകജാലക സംവിധാനം വഴി പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളും കുടുംബശ്രീ നടത്തുന്നു.

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍, പഞ്ചായത്ത് സമിതി സെക്രട്ടറിമാരായ ശാന്തി, പ്രജ നാരായണന്‍, കുറുമ്പി എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ സ്വാഗതവും യൂത്ത് കോര്‍ഡിനേറ്റര്‍ രാജേഷ് നന്ദിയും പറഞ്ഞു.