ചലനം മെന്റര്‍ഷിപ്പ് പരിപാടി ഉയര്‍ത്തിയ പുതിയൊരു ആവേശത്തില്‍ നാടിനും നാട്ടുകാര്‍ക്കും ഗുണപരമാകുന്ന പ്രവര്‍ത്തനങ്ങളോടെ വരുമാനം സ്വന്തമാക്കുകയാണ് കൂത്തുപറമ്പ് നഗരസഭ കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള അയല്ക്കൂട്ടാംഗങ്ങള്. നഗരസഭയിലെ 28 വാര്‍ഡുകളിലെ അയല്‍ക്കൂട്ടങ്ങള്‍ ഭാഗമായ ‘അമ്മക്കൂട്ടം കൃഷി വീട്’ എന്ന സി.ഡി.എസ് തനത് പദ്ധതിയാണ് ഇവരെ ഇതിന് തുണച്ചത്.
ജനുവരി മാസത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയത്. ഓരോ വാര്‍ഡിലും അയല്ക്കൂട്ടാംഗങ്ങള് അംഗങ്ങളായ അമ്മക്കൂട്ടങ്ങള്‍ ഒത്തുചേര്‍ന്ന് പരിസര പ്രദേശങ്ങളില്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളോ ടെറസുകളോ കണ്ടെത്തി അവിടെ കൃഷി ആരംഭിക്കുകയായിരുന്നു. കൃഷിഭവന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. നഗരസഭാതല ഉദ്ഘാടനത്തില്‍ പങ്കെടുത്തവര്‍ക്ക് കൃഷിഭവന് വിത്തുകളും നല്‍കിയിരുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ കൃഷി അറിവുകള്‍ പകര്‍ന്ന് നല്കുന്ന ക്ലാസ്സുകളും കൃഷി ഭവന്റെ നേതൃത്വത്തില്‍ അമ്മക്കൂട്ടാംഗങ്ങള്ക്ക് നല്കിവരുന്നു. പ്രദേശത്തെ മറ്റ് കര്‍ഷകരില്‍ നിന്ന് ശേഖരിച്ച വിത്തുകളും കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.
കൃഷിയിറക്കിയ അമ്മക്കൂട്ടങ്ങളെ രജിസ്റ്റര്‍ ചെയ്ത് സി.ഡി.എസ് ഉപജീവന ഉപസമിതിയുടെ നേതൃത്വത്തില്‍ അവര്‍ക്ക് എല്ലാവിധത്തിലുള്ള പിന്തുണകളും നല്കിവരുന്നു. വീട്ടാവശ്യത്തിന് എടുത്തതിന് ശേഷം ശേഷിച്ച ഉത്പന്നങ്ങള്‍ നാട്ടുചന്ത എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വില്‍ക്കാനും അതുവഴി വരുമാനം നേടാനുമുള്ള അവസരവും ഒരുക്കി നല്‍കിയിട്ടുണ്ട്. ഇവരുടെ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കൃഷിയിടങ്ങളിലേക്ക് നാട്ടുകാര്‍ എത്തുന്നുമുണ്ട്. മികച്ച അമ്മക്കൂട്ടങ്ങള്ക്ക് സമ്മാനങ്ങള്‍ നല്കി പ്രചോദനമേകാനുള്ള പ്രവര്‍ത്തനങ്ങളും സി.ഡി.എസ് നടത്തും.
