ബഡ്‌സ് സ്ഥാപനങ്ങളിലെ കൗമാരപ്രായക്കാരായ കുട്ടികളുടെ വികാസത്തിന് സമഗ്ര പദ്ധതിയുമായി കുടുംബശ്രീ

ബഡ്‌സ് സ്ഥാപനങ്ങളിലെ കൗമാരക്കാരായ കുട്ടികളുടെ വികാസം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയുമായി കുടുംബശ്രീ. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികളായ കൗമാരക്കാരായ കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശീലന പദ്ധതിയാണിത്. പരിശീലന പദ്ധതി മൊഡ്യൂള്‍ തയാറാക്കുന്നതിനുള്ള പ്രാഥമിക  എഴുത്തു ശില്‍പ്പശാല 10-07-2025) കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു.

ബഡ്‌സ് സ്ഥാപനങ്ങളിലെ കൗമാരക്കാരായ പരിശീലനാര്‍ത്ഥികള്‍ക്ക് ശാരീരികവും – ബൗദ്ധികവുമായ വളര്‍ച്ചയിലുണ്ടാകുന്ന അന്തരത്തെത്തുടര്‍ന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഈ സമഗ്ര പരിശീലന പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ സൈക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍, പ്രമുഖരായ സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ സഹായത്തോടെ തയാറാക്കുന്ന പ്രത്യേക പരിശീലന പദ്ധതി സംസ്ഥാനത്തെ 378 ബഡ്‌സ് സ്ഥാപനങ്ങളിലും നടപ്പിലാക്കും.

 ഈ സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്ന 13000ത്തോളം വരുന്ന കുട്ടികള്‍ക്ക് പരിശീലന പദ്ധതിയിലൂടെ മാനസിക പിന്തുണയേകുന്നതിന് അവരുടെ 26000ത്തോളം വരുന്ന രക്ഷിതാക്കള്‍, 500ലേറെ അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്കും പ്രത്യേകം തയാറാക്കിയ മൊഡ്യൂളുകള്‍ അടിസ്ഥാനമാക്കി പരിശീലനം നല്‍കും.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍, കൊല്ലം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. മോഹന്‍ റോയ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിഷ്ണു ഗോപന്‍, കൃഷ്ണകുമാരി, ബഡ്‌സ് സ്‌കൂള്‍ അധ്യാപകരായ അംബിക, സുജി, വിനിത, ബഡ്‌സ് പരിശീലനാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ എന്നിവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. പരിശീലന മൊഡ്യൂളുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന എഴുത്തു ശില്‍പ്പശാലകളിലൂടെ അന്തിമമാക്കും.