‘ഡിജി കേരളം’ പദ്ധതി: 38 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത

എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതു ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ “ഡിജി കേരള’ പദ്ധതി വഴി കുടുംബശ്രീയുടെ കീഴിലുള്ള 38 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, ഇതര വകുപ്പുകൾ, ഏജൻസികൾ എന്നിവ സംയുക്തമായി നടപ്പാക്കിയ പദ്ധതിയിലാണ് കുടുംബശ്രീയുടെ നേട്ടം.

14-നും 65-നും ഇടയിൽ പ്രായമുളളവർക്ക് കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്. സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും അടിസ്ഥാനപരമായ അറിവ് നൽകുക എന്നതായിരുന്നു “ഡിജി കേരള’ പദ്ധതിയുടെ ലക്ഷ്യം.

കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം ഒന്നാകെയാണ് ഡിജി കേരളം പദ്ധതിയിൽ പങ്കാളിത്തം വഹിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റ്മാർ, വിദ്യാർത്ഥികൾ എന്നിവർക്ക് വീഡിയോ ട്യൂട്ടോറിയൽ വഴി പരിശീലനം നൽകിക്കൊണ്ടായിരുന്നു വിവരശേഖരണം. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയിൽ നിന്നുള്ള 1,30,000 വൊളണ്ടിയർമാർ മുഖേന സർവേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. തുടർന്ന് ഡിജിറ്റൽ വൊളണ്ടിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സേവനങ്ങൾ, ഒാൺലൈൻ പണമിടപാടുകൾ,  ഡിജിറ്റൽ സുരക്ഷ, വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എന്നിവ സംബന്ധിച്ചും സാധാരണക്കാർക്ക് അവബോധം നൽകി.

 ഡിജി ക്യാമ്പയിനോടനുബന്ധിച്ച് കുടുംബശ്രീയുടെ 3.16 ലക്ഷം അയൽക്കൂട്ടങ്ങളിൽ ‘ഡിജി കൂട്ടം’ എന്ന പേരിൽ പ്രതേ്യക അയൽക്കൂട്ട യോഗങ്ങളും സംഘടിപ്പിച്ചു കൊണ്ട്  അംഗങ്ങൾക്ക് ഡിജിറ്റൽ അവബോധം നൽകി. പ്രതേ്യകം തയ്യാറാക്കിയ മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നുമായി തിരഞ്ഞെടുത്ത  മാസ്റ്റർ പരിശീലകരാണ് ഇതിന്  നേതൃത്വം നൽകിയത്. ഇവർ മുഖേന ജില്ലകളിൽ അവബോധ ക്ളാസുകൾ, സി.ഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം എന്നിവയും സംഘടിപ്പിച്ചു.

പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ ആദ്യവാരം “ഡിജി വാര’മായി ആഘോഷിച്ചു. ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ചേർന്ന അയൽക്കൂട്ട യോഗങ്ങളിൽ ഇത് പ്രതേ്യക അജണ്ടയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തനങ്ങളും പുരോഗതിയും സംബന്ധിച്ച്  കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.  

കുടുംബശ്രീ നടപ്പാക്കിയ “തിരികെ സ്കൂളിൽ’ സംഘടനാ ശാക്തീകരണ ക്യാമ്പയിനും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിൽ ഏറെ സഹായകമായി. ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകാൻ തിരഞ്ഞെടുത്ത അഞ്ചു വിഷയങ്ങളിൽ ഒന്ന് ഡിജിറ്റൽ സാക്ഷരത എന്നതായിരുന്നു. ഇതിന്റെ ഭാഗമായി 38 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്കാണ് കുടുംബശ്രീയുടെ ഔദേ്യാഗിക യൂട്യൂബ് ചാനൽ, കുടുംബശ്രീയുടെ റേഡിയോശ്രീ എന്നിവ സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള പരിശീലനം നൽകിയത്.  
ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള നാലര ലക്ഷത്തിലേറെ വരുന്ന കുടുബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിലും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി തിരികെ സ്കൂളിൽ ക്യാമ്പയിനോടനുബന്ധിച്ച് 2023 ഒക്ടോബർ എട്ടിന് പരിശീലനത്തിനായി രണ്ടായിരത്തിലേറെ സ്കൂളുകളിൽ എത്തിയ അയൽക്കൂട്ട അംഗങ്ങൾക്ക് ബാലസഭാംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരത നൽകി.  കൂടാതെ കുടുംബശ്രീ എ.ഡി.എസ് അംഗത്തിന്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾ വാർഡ്തലത്തിൽ ഗൃഹസന്ദർശനം, ലഘുലേഖ വിതരണം എന്നിവയും നടത്തി.

സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കിക്കൊണ്ട് വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഡിജികേരളം പദ്ധതി വഴി ലക്ഷ്യമിട്ടത്. സർക്കാർ സേവനങ്ങൾ അർഹരായവർക്ക് എത്രയും വേഗം എത്തിക്കാനും വികസന പദ്ധതികളിൽ പങ്കാളികളാകാനും വിഭാവനം ചെയ്തു കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്.