വയനാട്ടിലെ ഗോത്രമേഖലയില്‍ ആവേശമായി ഓക്‌സെല്ലോ ഫെസ്റ്റ്

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഓക്‌സെല്ലോ ഫെസ്റ്റിന് വയനാട്ടിലെ ഗോത്ര മേഖലയില്‍ ആവേശ പ്രതികരണം. ജില്ലയിലെ ഈ മേഖലയിലുള്ള പരമാവധി യുവതികളെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ ഭാഗമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാമിഷന്‍ നടത്തിയത്. അതിന്റെ ഫലമായി രൂപീകരിച്ചത് 60 പുതിയ ഓക്‌സിലറി ഗ്രൂപ്പുകള്‍! ഗോത്ര മേഖലയില്‍ നിന്നുള്ള എഴുന്നൂറോളം പേര്‍ ഈ ഓക്‌സിലറി ഗ്രൂപ്പുകളുടെ ഭാഗമായി.

കുടുംബശ്രീ ആനിമേറ്റര്‍മാര്‍ മുഖേന സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് ഗോത്രമേഖലയില്‍ നടത്തിയ ബോധവത്ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ മികച്ച നേട്ടത്തിലേക്ക് വയനാട് ജില്ലയെ നയിച്ചത്.

പുതുതായി രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ ജില്ലാതല സംഗമം ‘ജെന്‍-സിങ്ക്’ വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ ഡി.ആര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സലീന കെ.എം അധ്യക്ഷയായി ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, പ്രഭാകരന്‍. എം, അനീഷ് കുമാര്‍ എം. എസ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.