കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിപുലീകരിക്കുന്നു – സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീ ഹോംഷോപ്പ് സംവിധാനത്തിന്റെ വിപുലീകരണത്തിന് മുന്നോടിയായി വിവിധ ജില്ലകളില്‍ നിന്നുള്ള ഹോംഷോപ്പ് മാനേജ്മെന്റ് ടീം പ്രതിനിധികള്‍ക്കായി സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച് ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്ന കുടുംബശ്രീയുടെ മാര്‍ക്കറ്റിങ് സംവിധാനമാണ് ഹോംഷോപ്പുകള്‍. അയല്‍ക്കൂട്ടാംഗങ്ങളായ 7000 പേരാണ് ഇത്തരത്തില്‍ വീടുകളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്ന ഹോംഷോപ്പ് ഓണര്‍മാരായി നിലവിൽ പ്രവർത്തിക്കുന്നത്. 51 ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു. 2026 ജനുവരിയോട് കൂടി 5000 ഹോംഷോപ്പ് ഓണര്‍മാരെ കൂടി കണ്ടെത്താനുള്ള തീരുമാനവും പരിശീലന പരിപാടിയുടെ ഭാഗമായി കൈക്കൊണ്ടു.

ഒക്ടോബര്‍ 23, 24 തീയതികളിലായി കൊല്ലത്ത് സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടിയില്‍ ഹോംഷോപ്പ് സാധ്യതകള്‍, കാര്യക്ഷമമായ ഹോംഷോപ്പ് മാനേജ്‌മെന്റ് ടീം രൂപീകരണം എന്നീ വിഷയങ്ങളില്‍ കോഴിക്കോട് ഹോംഷോപ്പ് മാനേജ്‌മെന്റ് ടീം പ്രതിനിധികളായ പ്രസാദ്, സതീഷ് എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കി. കൂടാതെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകളെക്കുറിച്ച് ഡിജിറ്റൽ മാർക്കറ്റിങ് കൺസൾട്ടൻ്റായ കെ.വി. ഹരീഷും (പൂര്‍ണ്ണമായ പേര്) ക്ലാസ്സ് നല്‍കി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍. സി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എസ്.എസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഷൈജു ആര്‍.എസ്, അഞ്ജിമ സുരേന്ദ്രന്‍. സി. അഖിലേഷ്. എ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ മാര്‍ക്കറ്റിങ് വിഭാഗം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ ഉള്‍പ്പെടെ 45 പേര്‍ പരിശീലന പരിപാടിയുടെ ഭാഗമായി.