പാലക്കാട് തൃത്താലയിലെ ചാലിശ്ശേരിയില്‍ 2026 ജനുവരി രണ്ട് മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ്‌മേളയ്ക്ക് മുന്നോടിയായി ‘കൂടെയുണ്ട്’- അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സുകള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യയിലെ ഗ്രാമീണ സംരംഭകര്‍ക്കായൊരുക്കുന്ന ഏറ്റവും വലിയ വ്യാപാരമേളയായ സരസ് മേളയ്ക്ക് മുന്നോടിയായി തൃത്താലയില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്. ഇതിലൊന്നാണ് സമാധാനമുള്ള വീട്ടകങ്ങള്‍ക്ക്, ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ക്ക്, സന്തോഷമുള്ള തൃത്താലയ്ക്കായി എന്ന ആപ്തവാക്യത്തോടെ സംഘടിപ്പിക്കുന്ന ‘കൂടെയുണ്ട്’- അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സുകള്‍. തൃത്താലയിലെ 8 കുടുംബശ്രീ സി.ഡി.എസുകളിലെ 110 വാര്‍ഡുകളിലായി നവംബര്‍ രണ്ടിന് സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സുകളില്‍ 9000ത്തിലധികം പേരുടെ പങ്കാളിത്തവുമുണ്ടായി.

മയക്കുമരുന്ന്, രാസലഹരി ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കെതിരേയുള്ള പ്രചാരണവും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സന്ദേശം കുടുംബശ്രീ അംഗങ്ങളിലൂടെ ഓരോ വീട്ടിലേക്കും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ‘കൂടെയുണ്ട്’ അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സ് പരിപാടിയിലൂടെ നടത്തുക. തൃത്താലയിലെ 8 സി.ഡി.എസുകളിലായി 400ലേറെ വീട്ടുമുറ്റസദസ്സുകള്‍ ഇത്തരത്തില്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
നാഗലശ്ശേരി സി.ഡി.എസിലെ രണ്ടാം വാര്‍ഡായ നന്ദിയക്കോടിലെ കീഴ്പ്രങ്ങോട്ടു മനയില്‍ ‘ കൂടെയുണ്ട്’ അയല്‍ക്കൂട്ട വീട്ടുമുറ്റ സദസ്സിന്റെ മണ്ഡലതല ഉദ്ഘാടനം സംഘടിപ്പിച്ചു. റിട്ടയേഡ് സിവില്‍ സര്‍ജ്ജന്‍ ഡോ. സുഷമ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.വി. സുന്ദരന്‍ അധ്യക്ഷനായ ചടങ്ങില്‍ എക്‌സൈസ് പ്രിവൻ്റീവ് ഓഫീസര്‍ വി.പി. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ എക്‌സ്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സതീഷ്, വിമുക്തി പ്രിവന്റിങ് ഓഫീസര്‍ സജീവന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുമലത സ്വാഗതം പറഞ്ഞു.
