ബഡ്‌സ് ഒളിമ്പിയ – ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികളുടെ കായികമേളയായ ബഡ്‌സ് ഒളിമ്പിയയുടെ ജില്ലാതല മത്സരങ്ങള്‍ക്ക് തുടക്കം. മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ആദ്യ ജില്ലാതല കായിക മേളയില്‍ കാളികാവ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കി.

ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ പ്രവര്‍ത്തിപ്പിക്കുന്ന ബഡ്‌സ് സ്‌കൂളുകളിലും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി പരിശീലനം നേടുന്നവര്‍ക്കായി ജില്ലാ, സംസ്ഥാനതലങ്ങളിലാണ് ബഡ്‌സ് ഒളിമ്പിയ കായിക മേളകള്‍ സംഘടിപ്പിക്കുന്നത്.

മലപ്പുറം വേങ്ങര സബാഹ് സ്‌ക്വയറില്‍ ഒക്ടോബര്‍ 28ന്‌ സംഘടിപ്പിച്ച മൂന്നാം ജില്ലാതല ബഡ്‌സ് ഒളിമ്പിയയിലെ 34 മത്സര ഇനങ്ങളില്‍ 74 ബഡ്സ് സ്ഥാപനങ്ങളില്‍ നിന്നുള്ള 670 പരിശീലനാര്‍ത്ഥികള്‍ പങ്കെടുത്തു. 33 പോയിന്റാണ് കാളികാവ് ബി.ആര്‍.സിയിലെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയത്. ഊര്‍ങ്ങാട്ടിരി ബി.ആര്‍.സി 30 പോയിന്റോടുകൂടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 20 പോയിന്റോടെ കൊണ്ടോട്ടി ബഡ്‌സ് സ്‌കൂളും, പുല്‍പ്പറ്റ ബി.ആര്‍.സിയും ഊരകം ബഡ്‌സ് സ്‌കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് മെഡലും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കൂടാതെ മേളയില്‍ മാറ്റുരച്ച എല്ലാ പരിശീലനാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍. ബി ഫ്ളാഗ് ഓഫ് ചെയ്ത മേളയുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഔദ്യോഗികമായി നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാലിക്കറ്റ് സര്‍വ്വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയാണ് ബഡ്‌സ് ഒളിമ്പിയ സംഘടിപ്പിച്ചത്.