അട്ടപ്പാടിയിലെ ഉന്നതികളില്‍ പഠനം മുടങ്ങിയ 165 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വന്തമാക്കാനുറച്ച് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ സ്വന്തമാക്കി. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഉന്നതികളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രത്യേക ഓപ്പണ്‍ ഡിഗ്രി അഡ്മിഷന്‍ ഡ്രൈവ് മുഖേനയാണ് പഠനം തുടരാന്‍ ഇവര്‍ മുന്നോട്ടുവന്നത്. ഈ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ഫീസ് പൂര്‍ണ്ണമായി വഹിക്കുന്നത് കുടുംബശ്രീയാണ് എന്നത് മറ്റൊരു പ്രത്യേകത.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഉന്നതിയില്‍ നിന്ന് ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് ബിരുദത്തിന് അഡ്മിഷന്‍ നേടിക്കൊടുക്കാനായത്. സെപ്റ്റംബര്‍ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കി. തുടര്‍ന്ന് ഒക്ടോബറില്‍ രണ്ട് ദിനങ്ങളിലായി പ്രത്യേക അഡ്മിഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍ അട്ടപ്പാടിയില്‍ നേരിട്ടെത്തി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമേകി. അന്ന് 220 പേര്‍ രജിസ്റ്റർ ചെയ്തതില്‍ 165 പേര്‍ക്കാണ് കുടുംബശ്രീ അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മുഖേന അഡ്മിഷന്‍ ലഭിച്ചതായി യൂണിവേഴ്‌സിറ്റി അറിയിച്ചത്.
അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ, കുടുംബശ്രീ പഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ സരസ്വതി മുത്തുകുമാര്‍, സലീന ഷണ്‍മുഖം, തുളസീമണി, അനിത ബാബു, സെക്രട്ടറിമാരായ രേശി, പ്രജ, ശാന്തി, കുറുമ്പി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സമിതി കോര്‍ഡിനേറ്റര്‍മാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, ആനിമേറ്റര്‍മാര്‍ എന്നിവരാണ് ഉന്നതികളില്‍ നിന്ന് ഇത്രയും വിദ്യാര്‍ത്ഥികളെ ബിരുദ പഠനത്തിനായി അഡ്മിഷന്‍ എടുക്കാന്‍ മുന്നോട്ട് കൊണ്ടുവന്നത്.
