ബി2ബി മീറ്റുകള്‍ പുരോഗമിക്കുന്നു

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബിസിനസ് ടു ബിസിനസ് (ബി2ബി) ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് മോഡല്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ബി2ബി മീറ്റുകള്‍ ജില്ലകളില്‍ പുരോഗമിക്കുന്നു. കുടുംബശ്രീ സംരംഭകരെയും മികച്ച വിതരണ പങ്കാളികളെയും കണ്ടെത്തി അവരെ തമ്മില്‍ ഏകോപിപ്പിച്ചാണ് ജില്ലാതലത്തില്‍ ബി2ബി ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് മോഡല്‍ നടപ്പിലാക്കുക. സംരംഭകര്‍ക്ക് അവരുടെ മികച്ച ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തി സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഈ ഉത്പന്നങ്ങളെ എത്തിക്കുന്നതിനുമുള്ള ഏകോപന പ്രവര്‍ത്തനങ്ങളാണ് ബി2ബി മീറ്റുകളില്‍ നടപ്പിലാക്കുന്നത്.

കുടുംബശ്രീ സംരംഭകര്‍ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ തയാറാക്കുന്നുണ്ട്. ഇൗ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തി നല്‍കുകയും പ്രീമിയം ഉപഭോക്താക്കളിലേക്ക് ഈ ഉത്പന്നങ്ങള്‍ എത്തിക്കുകയും ചെയ്യുകയാണ് ബി2ബി മീറ്റിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ സംഘടിപ്പിച്ച ബി2ബി മീറ്റുകളില്‍ സംരംഭകരും വിതരണക്കാരും ഉള്‍പ്പെടെ 2000ത്തോളം പേര്‍ പങ്കെടുത്തു.