സരസ് മേളയ്ക്ക് മുന്നോടിയായി കലാവേദിയെ ഇളക്കിമറിച്ച് പ്രസീത ചാലക്കുടി

പൂരവും മേളവും അറിഞ്ഞ് ഉദ്ഘാടന തലേന്ന് തൃത്താല ചാലിശ്ശേരി സരസ് നഗരിയിൽ എത്തിച്ചേർന്ന കാണികളെ അവരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം കാഴ്ചവെച്ച്,ആവേശത്തിരയിലാഴ്ത്തി പ്രസീത ചാലക്കുടി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ, കുടുംബശ്രീ സംസ്ഥാന മിഷൻ പാലക്കാട്, ചാലിശ്ശേരിയിൽ സംഘടിപ്പിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയുടെ തലേ ദിനമായ ഇന്നത്തെ (1-1-2026) കലാസന്ധ്യയിലാണ്, പ്രശസ്ത ചലച്ചിത്രഗായിക പ്രസീത ചാലക്കുടി തൻറെ വ്യത്യസ്തമായ ശബ്ദം കൊണ്ടും തനതായ ആലാപന ശൈലി കൊണ്ടും ആയിരക്കണക്കിന് കാണികളെ കയ്യിലെടുത്തത്. തന്റെ മുഴുവൻ ശ്വാസവും ഊർജ്ജവുമെടുത്ത് പ്രസീത പാടിയ ഓരോ പഠനം കാണികൾ അതിലും ഊർജ്ജം കൂടിയ നൃത്തച്ചുവടുകളിലും, ആർപ്പുവിളികളിലുമായി മറുപടി കൊടുത്തു. സരസ് പൂരം കൂടിയേറിയ ചാലിശ്ശേരിയിൽ ഇനി വരാനിരിക്കുന്നത് ഇതിലും വലിയ കലാസന്ധ്യകൾ ആണെന്ന് ഓർമ്മപ്പെടുത്തിയതിനു ശേഷമാണ് പ്രസീദ ചാലക്കുടി വേദിയിൽ നിന്നിറങ്ങിയത്.

ഒപ്പം തന്നെ ‘വയലി’ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മുളസംഗീത വിരുന്നും കാണികളുടെ മനസ്സ് നിറച്ചു. പത്തിലേറെ വ്യതസ്ത മുള സംഗീതോപകരങ്ങൾ ഉപയോഗിച്ച് 8 അതുല്യ കലാകാരന്മാർ അവതരിപ്പിച്ച പരിപാടി, അതിൻ്റെ അവതരണ ശൈലി കൊണ്ടും,സംഗീത വൈദഗ്ധ്യം കൊണ്ടും വേറിട്ട് നിന്നു.കലാപരിപാടികൾക്ക് ശേഷം തദ്ദേശ സ്വയംഭരണ,എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വയലി ബാൻഡ് കലാകാരന്മാർക്കും, പ്രസീത ചാലക്കുടിയ്ക്കും സ്നേഹോപഹാരം നൽകി ആദരിച്ചു.