സോപ്പിലുണ്ട് തേനും പാലും

സോപ്പിട്ട് തേനും പാലും ഒഴുക്കാൻ ഇനി പ്രയാസപ്പെടേണ്ട. ചാലിശ്ശേരി മുലയംപറമ്പിൽ നടക്കുന്ന ദേശീയ സരസ് മേളയിലുണ്ട് ആട്ടിൻപാൽ കൊണ്ട് തയ്യാറാക്കിയ നല്ല ഒന്നാന്തരം സോപ്പ്. പത്തനംതിട്ട ജില്ലയിലെ ആനിക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ആനിക്കാട് സി.ഡി.എസിലെ നവചൈതന്യ അയൽക്കൂട്ടത്തിൻ്റെ 64-ാം നമ്പർ സ്റ്റോളിലെത്തിയാൽ പാലും തേനും ചേർത്ത വിവിധതരം സോപ്പുകൾ വാങ്ങാം. തേൻ, ശംഖുപുഷ്പം, രക്തചന്ദനം, വേപ്പ് തുടങ്ങിയ സോപ്പുകളും ഇവിടുന്ന് വാങ്ങാം.

അലർജിക്കും ശരീരസൗന്ദര്യത്തിനും ഉപകാരപ്രദമായ ഈ സോപ്പുകൾക്ക് ആവശ്യക്കാരേറെയാണ് എന്നാണ് ആനിക്കാട് സി.ഡി.എസ് അംഗമായ ഹലീല അബ്ദുൾ ഖാദറിൻ്റെ അഭിപ്രായം. ആട്ടിൻപാൽ സോപ്പ് (ഗോട്ട് മിൽക്ക് സോപ്പ്), കരി സോപ്പ് കുട്ടികൾക്കും പ്രയോജനപ്രദമാണ്. വ്യവസായ വകുപ്പിൻ്റെയും കുടുംബശ്രീയുടെയും സഹായത്തോടെ ആരംഭിച്ച സംരംഭം വൻവിജയമാണെന്ന സന്തോഷവും ഹലീല പങ്കു വെച്ചു.

കുടുംബശ്രീയുടെ ഒട്ടുമിക്ക പരിപാടികളിലും തേൻ സോപ്പ് ഹീറോയാണ്. കഴിഞ്ഞ വർഷം മുതൽ സരസ് മേളയിലും ഹലീലയുടെ സോപ്പ് സജീവമാണ്. സോപ്പ് കൂടാതെ തേൻനെല്ലിക്ക, അത്തിപ്പഴം, കിവി, വെളുത്തുള്ളി എന്നിവയും സ്റ്റാളിലുണ്ട്.