വിപണനത്തിൽ മുന്നേറി സരസ്മേള അഞ്ചാം ദിനത്തിലേക്ക്

ജനപങ്കാളിത്തം  കൊണ്ട് മാത്രമല്ല വിപണനത്തിലും വമ്പിച്ച മുന്നേറ്റത്തോടെ ജനകീയ സരസ് മേള  നാലാം ദിനം പിന്നിട്ടു. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 40 ലക്ഷം രൂപയോളം മേളയിൽ വിപണനം നടന്നതിൽ ചാലിശ്ശേരി ജനത വഹിച്ച പങ്കും വലുതാണ്.

അവശ്യ സാധനങ്ങളും കൗതുകകരമായ വസ്തുക്കളും ഒരു കുടക്കീഴിൽ വാങ്ങാനുള്ള ഗ്രാമീണ ജനതയുടെ നിഷ്കളങ്കമായ ആവേശമാണ് സരസ് മേളയെ സജീവമാക്കുന്നത്. കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ ശക്തി തെളിയിക്കും വിധം ഓരോ ദിവസവും സ്ത്രീകളുടെ പങ്കാളിത്തവും ഏറുകയാണ്. സ്ത്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിൽ ചാലിശ്ശേരിയ്ക്ക് കഴിഞ്ഞു.

‘നൂതന സ്റ്റാർട്ടപ്പ് സാധ്യതകൾ’ എന്ന  വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ഡോ. പൂർണ്ണിമ നാരായണൻ എന്നിവർ സെമിനാർ നയിച്ചു. തുടർന്ന്  മേളയിലെ പെൺ പെരുമ വിളിച്ചോതി കുടുംബശ്രീ അംഗങ്ങൾ ഒരുക്കിയ കലാവിരുന്നും ശ്രദ്ധേയമായി. വള്ളുവനാട് ഫോക്ക് അക്കാദമിയായ പുനർജനി നടത്തിയ നാടൻ പാട്ട് കാണികളെ ആവേശത്തിലാഴ്ത്തി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ നടത്തിയ ഏകപാത്ര നാടകമായ ഒറ്റ ഞാവൽ മരം അവതരണം കൊണ്ടും മുന്നിട്ടുനിന്നു. സ്റ്റാളിനോട് ചേർന്ന് സജ്ജീകരിച്ചിട്ടുള്ള തുറന്ന വേദിയും കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു.

മെഗാ ഫുഡ് കോർട്ടിൽ പച്ചക്കറിക്കൂട്ടും പഴങ്ങളും ചേർത്ത് ഒരുക്കിയ തൃത്താല പ്രഥമൻ തരംഗമായി. അട്ടപ്പാടി വനസുന്ദരിക്കും ആസ്വാദകരേറെയാണ്. വിവിധ തരം ബിരിയാണികൾ, ജ്യൂസുകൾ, തുടങ്ങിയവയാൽ ഫുഡ് കോർട്ട് സജീവമാണ്.

പ്രധാന വേദിയിലെ സാംസ്കാരിക സമ്മേളനം ആദരസന്ധ്യ പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.ബി.രാജേഷ്, പി.മമ്മിക്കുട്ടി എം.എൽ.എ എന്നിവർ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിച്ചു. തുടർന്ന് നടന്ന പുഷ്പവതി പൊയ് പാടത്തിന്റെ നിലാവെയിൽ ഗാനസന്ധ്യ ആസ്വാദകമനം കീഴടക്കി.