ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സരസ്മേളയിൽ എത്തിച്ചേർന്ന നൂറ്റിഅൻപതിൽപരം സംരംഭകരുടെ മുപ്പത്തിരണ്ടോളം ഭക്ഷ്യ വിപണന സ്റ്റാളുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ മെഗാ ഫുഡ്കോർട്ടിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ.എം. ഷംസീർ നിർവഹിച്ചു.
രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, ആസാം, ലക്ഷദ്വീപ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും, കേരളത്തിലെ 14 ജില്ലകളിലെയും തനതു ഭക്ഷ്യവിഭവങ്ങളുമടക്കം ഒരു രാജകീയവിരുന്ന് തന്നെയാണ് ചാലിശ്ശേരിയിലെ മുലയംപറമ്പ് മൈതാനത്ത്, പതിമൂന്നാം ദേശീയ സരസ്മേളയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിനുശേഷം സ്പീക്കർ, മന്ത്രി എം.ബി. രാജേഷ്, എം.എൽ.എ.മാരായ മുഹമ്മദ് മുഹ്സിൻ, പി.മമ്മിക്കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, തുടങ്ങിയവർ ഭക്ഷ്യസ്റ്റാളുകൾ സന്ദർശിക്കുകയും കുടുംബശ്രീ സംരംഭകർ ഒരുക്കിയ ഭക്ഷ്യവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.
രാജസ്ഥാന്റെ റബ്ദി ഗീവര്‍, ആന്ധ്രാപ്രദേശിന്റെ കോക്കനട്ട് റൈസ്, പഞ്ചാബിന്റെ ചോള ബട്ടൂര, ലക്ഷദ്വീപിന്റെ ഫിഷ് മടഞ്ഞത് തുടങ്ങിയ വിവിധ നാടുകളുടെ തനതായ രുചി വിഭവങ്ങൾ പരിചയപ്പെടാനും, പുത്തൻ രുചിക്കൂട്ടുകളുടെ വ്യത്യസ്തമാര്‍ന്ന രുചിയനുഭവങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്ന ഏവർക്കും ദേശീയ സരസ് മേളയിലെ ഇന്ത്യ ഫുഡ് കോർട്ട് സന്ദർശിക്കാം.
