ഇരുപത്തിയാറ് വർഷം ക്ലാസ് മുറികളിൽ മലയാളത്തിന്റെ മാധുര്യം പകർന്നു നൽകിയ അധ്യാപിക ഇപ്പോൾ നൂലുകൾ കൊണ്ട് കവിത രചിക്കുകയാണ്. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സന്ദർശകരുടെ മനം കവരുന്നത് പിലാക്കാട്ടിരി സ്വദേശിനി പി.സി.രേണുകയുടെ ‘ആരോഹി ബോട്ടിക്’ എന്ന സ്റ്റാളാണ്. അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം തന്റെ പഴയകാല ഹോബിയെ വിജയകരമായ ഒരു സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഈ അധ്യാപിക.
കാൽ നൂറ്റാണ്ട് മുൻപ് പഠിച്ചെടുത്ത ക്രോഷേ കലയെയാണ് രേണുക ഇന്ന് ആധുനിക ഫാഷന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നത്. നാഗലശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡ് പിലാക്കാട്ടിരി സോഡിയാക് കുടുംബശ്രീ അയൽക്കൂട്ട അംഗമായ രേണുക തന്റെ വിരൽത്തുമ്പിലെ മാന്ത്രികത കൊണ്ട് നൂലുകളെ ആകർഷകമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു.
കോട്ടൺ, അക്രലിക് മെറ്റീരിയലുകളിലുള്ള ഉയർന്ന നിലവാരമുള്ള നൂലുകൾ ഉപയോഗിച്ചാണ് നിർമ്മാണം. മനോഹരമായ ഹാൻഡ് ബാഗുകൾ, ട്രെൻഡി മൊബൈൽ പൗച്ചുകൾ, കുഞ്ഞുടുപ്പുകൾ, ടീപ്പോയി കവറുകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് 91 ആം നമ്പർ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ വഴി മെറ്റീരിയലുകൾ കണ്ടെത്തി, ഓരോ ഉപഭോക്താവിന്റെയും താൽപ്പര്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.
ഭാഷാധ്യാപികയായി 26 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് രേണുക പൂർണ്ണസമയ സംരംഭകയാകുന്നത്. പഠിച്ചെടുത്ത വിദ്യ വെറുതെ കളയരുത് എന്ന ആഗ്രഹമാണ് ആരോഹി ബോട്ടിക്കിന് പിന്നിൽ. നിരവധി മേളകളിൽ ഇതിനോടകം പങ്കെടുത്ത രേണുക ഇത് ആദ്യമായാണ് സരസ് മേളയിൽ പങ്കെടുക്കുന്നത്. സരസ് മേള പോലുള്ള വേദികൾ തന്നെപ്പോലെയുള്ള ചെറുകിട സംരംഭകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് രേണുക പറയുന്നു.
പാലക്കാട് ജില്ലയുടെ അഭിമാനമായി മാറിയ രേണുകയുടെ സ്റ്റാൾ സരസ് മേളയിലെത്തുന്ന കലാപ്രേമികൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. കേവലം ഒരു പ്രദർശന വസ്തു എന്നതിലുപരി, ഗുണമേന്മയുള്ള ക്രോഷേ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് രേണുകയുടെ ലക്ഷ്യം
