ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്ത് സംഘടിപ്പികുന്ന സരസ് വിപണന മേളയെ സുഗന്ധപൂരിതമാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം കോർപ്പറേഷൻ സി.ഡി.എസിൽ നിന്നുമെത്തിയ കേരള സ്പൈസസ് യൂണിറ്റ്. ഏലക്ക, ഗ്രാമ്പൂ, താക്കോലം, ജാതിപത്രി, കുരുമുളക്, പെരുംജീരകം, ജാതിക്ക, കറുകപ്പട്ട, ചുക്ക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളാണ് 48ആം സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൻ്റെ പ്രധാന വിപണന വസ്തുക്കൾ. നാലോളം സുഗന്ധവ്യഞ്ജനങ്ങളും ഒപ്പം തുളസി, ബ്രഹ്മി, തിപ്പലി, ശംഖുപുഷ്പം, അരുത തുടങ്ങിയ ഔഷധങ്ങളും ചേർത്ത് തയ്യാറാക്കുന്ന ചുക്ക് കരിപ്പെട്ടിയാണ് സ്റ്റാളിൻ്റെ മറ്റൊരു പ്രത്യേകത.
മായം കലരാത്ത, ഔഷധഗുണങ്ങൾ ഏറെയുള്ള, പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ വാങ്ങിക്കാൻ സ്റ്റാളിനു മുമ്പിൽ എപ്പോഴും ജനത്തിരക്കാണ്.
25 വർഷങ്ങൾക്കു മുമ്പ് റഹ്മത്ത് ഭർത്താവ് മുജീബിന്റെ പിന്തുണയോടെ ആരംഭിച്ചതാണ് ഈ സുഗന്ധവ്യഞ്ജന യൂണിറ്റ്. കുമളി, നെടുംകണ്ടം, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നാണ് ഇവർ വിപണനത്തിനായി സുഗന്ധവ്യഞ്ജനങ്ങൾ ശേഖരിക്കുന്നത്. ഒന്നിൽ കൂടുതൽ തവണ ഈ സംരംഭകർ ഇതിനുമുമ്പ് സരസ് മേളയിൽ പങ്കെടുത്തിട്ടുണ്ട്. രുചിയേറും ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിലും, ആരോഗ്യപരിപാലനത്തിലും സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള വലിയ പങ്ക് തിരിച്ചറിഞ്ഞ ഈ സംരംഭകർ, അത് പ്രകൃതിദത്തമായ രീതിയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ വരുമാനം കണ്ടെത്തുകയാണ് ഇപ്പോൾ.
