ദേശീയ സരസ് മേളയിൽ രുചി വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ് എറണാകുളം ജില്ലാ മിഷന് കീഴിലുള്ള ‘മോമാസ്’ (Momma’s) സ്റ്റാൾ. കീഴ്മാട് സി.ഡി.എസിൽ നിന്നുള്ള ഈ സംരംഭം 45-ഓളം വ്യത്യസ്ത ഹോംമെയ്ഡ് അച്ചാറുകളുമായാണ് മേളയിൽ എത്തിയിരിക്കുന്നത്.
മേളയിലെ 133-ാം നമ്പർ സ്റ്റാളിലാണ് മോമാസ് പ്രവർത്തിക്കുന്നത്. കീഴ്മാട് സി.ഡി.എസിലെ വെള്ളൂകാവിലമ്മ കുടുംബശ്രീ യൂണിറ്റ് അംഗമായ ഹിംസി സുരേഷാണ് ഈ സംരംഭത്തിന് പിന്നിൽ. പൂർണ്ണമായും വീടുകളിൽ തന്നെ തയ്യാറാക്കുന്ന, രാസവസ്തുക്കൾ കലരാത്ത ഉൽപ്പന്നങ്ങളാണ് ഇവരുടെ പ്രത്യേകത. വിനാഗിരി ചേർക്കാത്ത സ്പെഷ്യൽ മാങ്ങ അച്ചാറിന് മേളയിൽ ആവശ്യക്കാർ ഏറെയാണ്.
വിപണിയിൽ ലഭിക്കുന്ന സാധാരണ അച്ചാറുകൾക്ക് പുറമെ, ‘അടനെല്ലിക്ക’, ‘അടമാങ്ങ’, വാഴപ്പിണ്ടി കാന്താരി, വടുകപ്പുളി, സ്പെഷ്യൽ കൊണ്ടാട്ടം, ആന്ധ്ര സ്പെഷ്യൽ ആവക്കാ മാങ്ങ, പാവയ്ക്ക, പുളിഞ്ചി തുടങ്ങിയ ഔഷധഗുണമുള്ളതും അപൂർവ്വവുമായ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
മേളയോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും മോമാസ് നൽകുന്നുണ്ട്. നാല് കുപ്പി അച്ചാർ വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി (Buy 4 Get 1 Free) ലഭിക്കും. കൂടാതെ 5 എണ്ണത്തിന് 500 രൂപ, 5 എണ്ണത്തിന് 200 രൂപ എന്നിങ്ങനെയുള്ള കോംബോ ഓഫറുകളും ലഭ്യമാണ്.
