പായസമെന്നു കേട്ടാൽ അടയോ പരിപ്പോ സേമിയയോ ഒക്കെയാണോ ഓർമ്മ വരുന്നത്.. എങ്കിൽ തെറ്റി. ചാലശ്ശേരിയിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ ഇത്തവണത്തെ സൂപ്പർ താരം ഇതൊന്നുമല്ല, മറിച്ച് തൃത്താലയിലെ കർഷകർ മണ്ണിൽ പൊന്നുവിളയിച്ച പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ ‘തൃത്താല പായസം’ ആണ്. അട്ടപ്പാടിയുടെ ‘വനസുന്ദരി’ ചിക്കനും ‘കൊച്ചി മൽഹാർ’ മൽസ്യവിഭവങ്ങൾക്കും ശേഷം ഭക്ഷ്യമേളകളിൽ വിപ്ലവം സൃഷ്ടിക്കാൻ തൃത്താലയുടെ സ്വന്തം പായസം എത്തിക്കഴിഞ്ഞു.
തൃത്താലയിലെ കുടുംബശ്രീ കർഷകർ ജൈവരീതിയിൽ ഉൽപാദിപ്പിച്ച മത്തൻ, പടവലം, ക്യാരറ്റ്, കുമ്പളം, ചുരക്ക എന്നിവയാണ് ഈ പായസത്തിലെ വിസ്മയക്കൂട്ടുകൾ. പച്ചക്കറി കൊണ്ട് പായസമോ എന്ന് മൂക്കത്ത് വിരൽ വയ്ക്കുന്നവർക്ക് അതിന്റെ രുചിയൊന്നു നോക്കിയാൽ സംശയം മാറും. പച്ചക്കറികളുടെ പച്ചമണം ലേശം പോലും ഇല്ലാത്ത വിധം പാകപ്പെടുത്തിയെടുക്കുന്ന രീതിയാണ് ഇതിനെ വേറിട്ടു നിർത്തുന്നത്.
പച്ചക്കറികൾ ചെറുതായി അരിഞ്ഞ് വേവിച്ച് അരച്ചെടുക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് ചെറുതീയിൽ നെയ്യിട്ട് പാകത്തിന് വഴറ്റും. പച്ചമണം പൂർണ്ണമായും മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം അഞ്ച് കിലോ പച്ചക്കറിക്ക് അഞ്ച് കിലോ ശർക്കര എന്ന അനുപാതത്തിൽ പാനി ചേർക്കും. ഇതിലേക്ക് പൈനാപ്പിൾ, ആപ്പിൾ, ഈന്തപ്പഴം, പപ്പായ, പഴം എന്നിവയും ചേർക്കുന്നു. മിശ്രിതം നന്നായി കുറുകി വരുമ്പോൾ തേങ്ങാപ്പാലോ പശുവിൻ പാലോ ചേർത്ത് ഹൽവയുടെ പരുവത്തിലാക്കും. ആവശ്യമുള്ളപ്പോൾ പാലിൽ നന്നായി അരച്ചെടുത്ത് ഫ്രൂട്സും ചേർത്ത് ഇത് വിളമ്പാം. ഫ്രിഡ്ജിൽ വെക്കാതെ തന്നെ പത്തുദിവസം വരെ ഈ വിഭവം സൂക്ഷിക്കാമെന്നത് വീട്ടമ്മമാർക്കും പ്രിയങ്കരമാക്കുന്നു.
ഭക്ഷ്യമേളകളിൽ തരംഗമായ അട്ടപ്പാടി വനസുന്ദരിയെ അവതരിപ്പിച്ച അദേഭാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രെയിനർ ദയൻ രാഘവനാണ് തൃത്താല പായസത്തിന്റെയും ശില്പി. ഓരോ പ്രദേശത്തെയും തനത് വിഭവങ്ങളെ ദേശീയ ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ ‘സിഗ്നേച്ചർ ഡിഷ്’ ഒരുക്കിയിരിക്കുന്നത്. മേളകൾ നടക്കുന്ന നാടിന്റെ രുചി വൈവിധ്യം ലോകത്തിന് മുന്നിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വനസുന്ദരി പോലെ തൃത്താല പായസവും ഭക്ഷണപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു എന്ന് ദയൻ രാഘവൻ പറയുന്നു.
ഞായറാഴ്ച നടന്ന ‘റിമി ടോമി ലൈവ്’ ഷോയ്ക്കിടെ മന്ത്രി എം.ബി.രാജേഷിനും ഗായിക റിമി ടോമിക്കും നൽകിക്കൊണ്ടായിരുന്നു പായസത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. വരും ദിവസങ്ങളിൽ സരസ് മേളയിലെത്തുന്നവർക്ക് തൃത്താലയുടെ മണ്ണിൽ നിന്നുള്ള ഈ ജൈവമധുരം നേരിട്ട് നുണയാം.
