കുടുംബശ്രീ മോഡല്‍ – ദേശീയതല പഠന കേന്ദ്രമാകാന്‍ ആര്യനാട് സി.ഡി.എസ് തയ്യാര്‍

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനും വിശദമായി പഠിക്കുന്നതിനും തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസിനെ ഇമേര്‍ഷന്‍ സൈറ്റായി (മാതൃകാ കേന്ദ്രം) വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) മാനേജര്‍ മഹമ്മുദ് ഹസന്‍ ആര്യനാട് സി.ഡി.എസ് സന്ദര്‍ശിച്ചു.

ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റായി പ്രഖ്യാപിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള കേന്ദ്രമായി ഈ സി.ഡി.എസ് മാറും. കൂടാതെ ഇവിടെ കാര്‍ഷിക, സൂക്ഷ്മ സംരംഭ, സാമൂഹ്യവികസന, സ്ത്രീശാക്തീകരണ മേഖലകളില്‍ നടപ്പിലാക്കി വരുന്ന മാതൃകാപദ്ധതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പകര്‍ത്തുകയും ചെയ്യും.

പ്രാദേശിക സാമ്പത്തിക വികസനത്തിലും സാമൂഹിക ശാക്തീകരണത്തിലും ആര്യനാട് സി.ഡി.എസ് കൈവരിച്ച നേട്ടങ്ങളും കൂടാതെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയതും മനോഹരവുമായ സി.ഡി.എസ് ഓഫീസ് സംവിധാനവും ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റാക്കി മാറ്റുന്നതിന് മതിയായ യോഗ്യതയാണെന്ന് എന്‍.ആര്‍.എല്‍.എം മാനേജര്‍ അഭിപ്രായപ്പെട്ടു.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കരുത്തിനെക്കുറിച്ചും ജനാധിപത്യപരമായ ത്രിതല സംഘടനാ ഘടനയെക്കുറിച്ചും സി.ഡി.എസ്, എ.ഡി.എസ് ഭരണസമിതി അംഗങ്ങളുമായി നടത്തിയ പ്രത്യേക സംവാദത്തില്‍ ചോദിച്ചറിഞ്ഞു. അയല്‍ക്കൂട്ടം മുതല്‍ സി.ഡി.എസ് വരെയുള്ള സംവിധാനങ്ങള്‍ എങ്ങനെയാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും വിലയിരുത്തി. ആര്യനാട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മാത്യു ചാക്കോ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ജസീല്‍, ബ്ലോക്ക് ഓര്‍ഡിനേറ്റര്‍ അഭിന ദേവി ആര്‍. എന്നിവരും പങ്കെടുത്തു.