കുടുംബശ്രീ സമഗ്ര വീഡിയോ പ്രകാശനം ചെയ്തു

സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജന മേഖലയിൽ നാളിതുവരെ കുടുംബശ്രീ കൈവരിച്ച വളർച്ചയും പുരോഗതിയും വ്യക്തമാക്കുന്ന സമഗ്ര വീഡിയോ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.  സെക്രട്ടേറിയറ്റ് അനക്സിൽ ലയം ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഗവേണിങ്ങ് ബോഡി യോഗത്തിലായിരുന്നു വീഡിയോ പ്രകാശനം. 13 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികൾ, അവയുടെ ഗുണഫലങ്ങൾ ഇതിലൂടെ കേരളീയ സ്ത്രീജീവിതത്തിലും സമൂഹത്തിലും കൈവന്ന പുരോഗതി എന്നിവയാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. സി-ഡിറ്റിന്റെ സാങ്കേതിക സഹകരണത്തോടെ  മലയാളത്തിലും ഇംഗ്ളീഷിലുമായാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

വയോജന-രോഗീ പരിചരണ മേഖലയിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ ഫോർ കെയർ പദ്ധതിയെ കുറിച്ച് തയ്യാറാക്കിയ അഞ്ചു മിനിട്ട്  ദൈർഘ്യമുളള വീഡിയോയും ഇതോടൊപ്പം പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ വി.പ്രിയദർശിനി, തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഡയറക്ടർ സിന്ധു പി.കെ, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് ചീഫ് ജോസഫൈൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.