ഇന്നു വരെ ടിവിയിലും പത്രത്താളിലും മാത്രം കണ്ടിരുന്ന രാഷ്ട്രപതി ഭവൻ അമൃത് ഉദ്യാൻ സന്ദർശിക്കാൻ അപ്രതീക്ഷിത അവസരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് കുടുംബശ്രീ അംഗങ്ങളായ പ്രജ നാരായണൻ(അട്ടപ്പാടി), റീന കെ(കാസർകോട്), ശ്യാമള രവി(വയനാട്), ഐസി മോൾ(ഇടുക്കി) എന്നിവർ. സംസ്ഥാനത്ത് പട്ടികവർഗ മേഖലയിലെ വനിതകളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിനായി കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചതാണ് നാലുപേർക്കും അമൃത് ഉദ്യാന സന്ദർശനത്തിനുള്ള അവസരമൊരുക്കിയത്. പട്ടികവർഗവിഭാഗത്തിൽ നിന്നുള്ളവരാണ് കുടുംബശ്രീ മുൻ സി.ഡി.എസ് അധ്യക്ഷമാർ കൂടിയായ ഇവർ നാലു പേരും.
അട്ടപ്പാടിയിൽ നിന്നുള്ള പ്രജ നാരായണൻ മാത്രമാണ് ഇതിനു മുമ്പ് ഡൽഹിയിൽ പോയിട്ടുള്ളത്. ദേശീയ സരസ് മേളയിൽ പങ്കെടുക്കുന്നതിനായി ട്രയിനിലായിരുന്നു യാത്ര. അന്ന് പക്ഷേ അവിടുത്തെ വിസ്മയ കാഴ്ചകളൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ബാക്കി മൂന്നു പേരുടെയും ആദ്യത്തെ ഡൽഹി യാത്രയാണ്. സ്വന്തം നാടിന്റെ ചുറ്റുവട്ടത്തിൽ മാത്രം ജീവിച്ചു വന്ന ഇവർക്ക് ഇത് സ്വപ്ന സമാനമായ യാത്രയാണ്. അതുകൊണ്ടു തന്നെ രാഷ്ട്രപതി ഭവൻ അമൃത് ഉദ്യാൻ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയിൽ നിന്നും അറിയിപ്പ് കിട്ടിയപ്പോൾ ആദ്യം ഇവർക്ക് വിശ്വസിക്കാനായില്ല. തുടർന്ന് മാർച്ച് എട്ടിന് സംഘം ഡൽഹിയിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരുന്നെങ്കിലും ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പരിഭ്രമമായിരുന്നു നാല് പേർക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ ഫ്ളൈറ്റ് പറന്നുയർന്നപ്പോൾ നെഞ്ചിടിപ്പ് ഉച്ചത്തിലായി. പിന്നെ പതുക്കെ പേടി മാറിയതോടെ ജനാലയിലൂടെ ആകാശ കാഴ്ചകൾ കണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കുളള യാത്ര അവിസ്മരണീയമാക്കി.
ഡൽഹിയിൽ എത്തിയ നാലു പേരും അമൃത് ഉദ്യാൻ, ഇന്ത്യാഗേറ്റ്, കുത്തബ് മീനാർ, അക്ഷർ ധാം, ഹുമയൂൺ ടോംപ് എന്നിവിടങ്ങൾ സന്ദർശിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി സ്മൃതി ശരൺ, ഡെപ്യൂട്ടി സെക്രട്ടറി മോണിക്ക ഭട്ടുങ്കുരു എന്നിവരെയും പട്ടികവർഗമേഖലയിലെ പ്രവർത്തന മികവിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയവരെയും പരിചയപ്പെടാൻ അവസരം ലഭിച്ചതും ഭാഗ്യമായി കരുതുകയാണ് ഇവർ. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി.നായരുടെ നേതൃത്വത്തിലായിരുന്നു യാത്ര. സംഘം ഇന്ന് (11-3-2026) കേരളത്തിലേക്ക് തിരിക്കും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ദേശീയ ഗ്രാമീണ ഉപജീവനം ദൗത്യം പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ പട്ടികവർഗ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്വയംസഹായസഘങ്ങളിലെ വനിതകൾക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നൽകുന്ന അംഗീകാരമാണ് രാഷ്ട്രപതി ഭവൻ അമൃത് ഉദ്യാന സന്ദർശനത്തിനുള്ള അവസരം. സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടത്തിപ്പ്.
