അമൃത് മിത്ര പദ്ധതി നടത്തിപ്പിലെ മികവ്: ഗുരുവായൂർ, കൊച്ചി നഗരസഭകൾക്ക് ദേശീയ അംഗീകാരം

സംസ്ഥാനത്ത് അമൃത് പദ്ധതി ആദ്യഘട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനുളള കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം ഗുരുവായൂർ, കൊച്ചി നഗരസഭകൾക്ക്. ശുദ്ധ ജലം, സീവറേജ്, വസ്തു നികുതി പിരിവ്, വെള്ളക്കരം പിരിക്കൽ, പാർക്കുകളുടെയും കുളങ്ങളുടെയും മറ്റ് പൊതുഇടങ്ങളുടെയും പരിപാലനം എന്നിവ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ ഉപയോഗിച്ചു മാതൃകാപരമായി നടപ്പാക്കിയതിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി രണ്ടു നഗരസഭകളിൽ നിന്നും, കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണം ലഭിച്ച ഒമ്പത് കുടുംബശ്രീ അംഗങ്ങൾ 13-03-2026 -ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അമൃത് മിത്ര മഹോത്സവത്തിൽ പങ്കെടുത്തു.

പാർക്കുകളുടെയും കുളങ്ങളുടെയും പരിപാലനം, വസ്തു നികുതി പിരിക്കൽ, വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയുടെ പരിപാലനം, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മരങ്ങൾ നട്ടുവളർത്തി പരിപാലിക്കുക എന്നിവയിലൂടെ 1.12 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അമൃത് മിത്ര പദ്ധതി വഴി ഗുരുവായൂർ നഗരസഭയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 30-ലേറെ കുടുംബശ്രീ അംഗങ്ങൾക്ക് ഗുരൂവായൂർ നഗരസഭയിൽ മാത്രം തൊഴിൽ ലഭിച്ചിട്ടുണ്ട്. അമൃത്, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയുടെ സംയോജിത പദ്ധതിയാണ് അമൃത് മിത്ര. സംസ്ഥാനത്ത് എല്ലാ നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. അമൃത്, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ അംഗങ്ങൾ അമൃത് മഹോത്സവത്തിൽ പങ്കെടുത്തത്.