മലയാളിക്ക് വിഷുക്കണിയും വിഷുസദ്യയുമൊരുക്കാൻ ഗുണമേൻമയുള്ള കാർഷികോൽപന്നങ്ങളുമായി ഇക്കുറിയും സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ വിഷുച്ചന്തകൾ ഒരുങ്ങും. ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റ് ഭക്ഷ്യോൽപന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമ നഗര സി.ഡി.എസുകൾ ഉൾപ്പെടെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും കൂടാതെ ജില്ലാതലത്തിലും ഒമ്പത് മുതലാണ് വിഷുച്ചന്തകൾ തുടങ്ങുക. ജില്ലാതലത്തിൽ അഞ്ചു ദിവസവും സി.ഡി.എസ് തലത്തിൽ മൂന്നു ദിവസവും വിഷുച്ചന്തകൾ ഉണ്ടാകും.
കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവർഗങ്ങളുമാണ് വിഷുച്ചന്തയിൽ വിൽപ്പനയ്‌ക്കെത്തുക. കണി വെള്ളരി മുതൽ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയർ, കൂർക്ക, കാന്താരി, മുരിങ്ങക്കായ് തുടങ്ങി വിവിധയിനം പച്ചക്കറികൾ എന്നിവ കുടുംബശ്രീ വിഷുവിപണിയിൽ നിന്നു വാങ്ങാനാകും. കൂടാതെ സൂക്ഷ്മസംരംഭകർ ഉൽപാദിപ്പിക്കുന്ന വിവിധ ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ എന്നിവയും ലഭ്യമാകും.
കാർഷികോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള ചുമതല അതത് സി.ഡി.എസുകൾക്കാണ്. വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും ഇവരുടെ നേതൃത്വത്തിലായിരിക്കും. മുൻവർഷങ്ങളിൽ സംഘടിപ്പിച്ച വിഷുച്ചന്തകളിലൂടെ കർഷകർക്കും സംരംഭകർക്കും മികച്ച വരുമാനം നേടാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം മാത്രം 7.25 കോടി രൂപയുടെ വിറ്റുവരവാണ് ഇതുവഴി ലഭിച്ചത്. കുടുംബശ്രീ വിഷുച്ചന്തകൾ ഏപ്രിൽ 14-ന് അവസാനിക്കും.
