താറാവിറച്ചികളില്‍ സ്പെഷ്യലായ കുട്ടനാടന്‍ താറാവിറച്ചി ‘ചീരു’ എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്കെത്തിക്കാന്‍ തയാറെടുക്കുകയാണ് കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന്. ആലപ്പുഴയില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നമായിരുന്ന ചീരു എന്ന താറാവ് ഏറെ ഹിറ്റായിരുന്നു. ഇതോടെയാണ് ഈ പേരില്‍ തന്നെ താറാവിറച്ചി ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കാന്‍ ജില്ലാ മിഷന് തീരുമാനിച്ചത്.
പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തി നല്‍കുകയെന്ന ലക്ഷ്യമാണ് ബ്രാന്‍ഡഡ് താറാവിറച്ചി എന്ന ആശയത്തിലേക്ക് ജില്ലാമിഷനെ നയിച്ചത്. തുടക്കത്തില്‍ കുട്ടനാട് വെളിയനാട് ബ്ലോക്കിലെ നീലമ്പേരൂരിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
അഞ്ച് അയല്‍ക്കൂട്ടാംഗങ്ങളടങ്ങിയ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ വഴിയാണ് താറാവിറച്ചി ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക. ഇവര്‍ക്ക് 2.5 ലക്ഷം രൂപ ധനസഹായവും കുടുംബശ്രീ നല്‍കും.
900, 500 ഗ്രാം പാക്കറ്റുകളിലാക്കി ബ്രാന്‍ഡ് ചെയ്ത് ഫ്രഷ് ഇറച്ചിയാണ് ആദ്യം വില്‍പ്പനയ്ക്കെത്തിക്കുക. തുടര്‍ന്ന് റെഡി ടു ഈറ്റ് വിഭവങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കും. കുടുംബശ്രീയുടെ വ്യത്യസ്ത വിപണന സംവിധാനങ്ങള്‍ വഴിയും സംസ്ഥാനമൊട്ടാകെ താറാവിറച്ചി എത്തിക്കാനുള്ള ശ്രമങ്ങളും ജില്ലാമിഷന് നടത്തും.
