ബഡ്‌സ് സംസ്ഥാനതല പ്രവേശനോത്സവം – ആവേശമായി വിളംബര റാലി

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ 2026-27 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. മലപ്പുറം റഹ്‌മാന്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ. കെ.എം. ഷാജി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ കുന്നുംപുറത്ത് സംഘടിപ്പിച്ച വിളംബര റാലി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി അധ്യക്ഷയായി. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങീ നൂറുകണക്കിന് പേര്‍ റാലിയുടെ ഭാഗമായി.

നാളെ രാവിലെ 10ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി അധ്യക്ഷനാകും. സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റികോട് മുഖ്യാതിഥിയാകും.

നിലവില്‍ 405 ബഡ്‌സ് സ്ഥാപനങ്ങളിലായി (187 ബഡ്‌സ് സ്‌കൂളുകളും, 218 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും) 13,895 പരിശീലനാര്‍ത്ഥികള്‍ വിദ്യാഭ്യാസം, പരിശീലനം, തെറാപ്പി, പുനരധിവാസ സേവനങ്ങള്‍ എന്നിവ നേടിവരുന്നുണ്ട്.