ആയിരം കൈകളില്‍ ആയിരം തൈകള്‍; പരിസ്ഥിതിദിനത്തില്‍ ‘മഴത്തുള്ളി’യുമായി കാസര്‍ഗോഡ്

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ‘ആഗോളതാപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശവുമായി ജില്ലയിലുടനീളമുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.’മഴത്തുള്ളി – ആയിരം തൈകള്‍ ആയിരം കൈകളിലൂടെ’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചന്ദ്രഗിരിക്കോട്ടയില്‍ കാസര്‍ഗോഡ് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണവും ഹരിതവല്‍ക്കരണവും ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളുടെയും നേതൃത്വത്തില്‍ വിപുലമായ ജനകീയ ക്യാമ്പയിനാണ് നടപ്പിലാക്കുക.

വിദ്യാലയങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മസേന എന്നിവരുമായി പൂര്‍ണ്ണമായും സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടത്തുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതോടൊപ്പം അവ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് വരെ സംരക്ഷിക്കാനുള്ള ചുമതലയും സി.ഡി.എസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവല്‍ക്കരണ റാലികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജൈവകൃഷിരീതികള്‍, അടുക്കളത്തോട്ട നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍ അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. ഭാര്‍ഗവി നന്ദി പറഞ്ഞു.