കര്‍ഷക പുരോഗതി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ‘ജീവനം 2.0’ ക്യാമ്പയിന്‍ എല്ലാ ജില്ലകളിലും

മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കര്‍ഷകരുടെ തൊഴില്‍ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ‘ജീവനം 2..0 ‘  ക്യാമ്പയിന് തുടക്കമായി. കന്നുകാലികളുടെ ആരോഗ്യം ഉറപ്പു വരുത്തുക, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും വരുമാന വര്‍ധനവ് ഉറപ്പു വരുത്താനും കഴിയും. ഗ്രാമീണതലത്തില്‍ ബ്ളോക്ക്തലത്തില്‍ തിരഞ്ഞെടുത്ത രണ്ട് ക്ളസ്റ്ററുകളിലും നഗരമേഖലയില്‍ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റിയിലുമാണ് ക്യാമ്പയിന്‍ നടപ്പാക്കുക. ജൂലൈ 30-നകം എല്ലാ ജില്ലകളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കും.  

പ്രാദേശിക സാധ്യതകള്‍ കണക്കിലെടുത്ത് പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ‘ജീവനം 2.0’ ക്യാമ്പയിന്‍റെ ഭാഗമായി വിപുലമായ കര്‍മപരിപാടികളാണ് നടപ്പാക്കുക. കന്നുകാലികള്‍ക്ക് സൗജന്യ ചികിത്സ, ആരോഗ്യ പരിശോധന, രോഗനിര്‍ണയം എന്നിവ ഉള്‍പ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കൂടാതെ കന്നുകാലികള്‍ക്ക് ഭീഷണിയാകുന്ന കുളമ്പ് രോഗം ബ്രൂസല്ലോസിസ്, പി.പി.ആര്‍, എന്‍ഡോടോക്സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിന്‍ എന്നിവയും ക്യാമ്പയിന്‍ വഴി ലഭ്യമാക്കും. പ്രാദേശിക സാഹചര്യം കണക്കിലെടുത്താണ് ക്യാമ്പയിന്‍ തരം നടപ്പാക്കുന്നത്. സി.ഡി.എസ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക കൂട്ടായ്മയായ ലൈവ്സ്റ്റോക്ക് ക്ളസ്റ്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കര്‍ഷകരും 100 ലൈവ്സ്റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെട്ടതാണ് ഓരോ ക്ളസ്റ്ററും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 304 ലൈവ്സ്റ്റോക്ക് ക്ളസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് ക്യാമ്പയിന്‍ പ്രയോജനപ്പെടും.

കര്‍ഷകര്‍ക്ക് ആവശ്യമായ ഇത്തരം ക്യാമ്പുകള്‍ നടപ്പാക്കുന്നതു വഴി കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും മൃഗസംരക്ഷണ മേഖല വിപുലീകരിക്കുന്നതിനും അവസരമൊരുക്കും. ക്യാമ്പയിന്‍റെ വിജയകരമായ നടത്തിപ്പിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്.