കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന് തുടക്കം

പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ’ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റി’ന്റെ കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം ഔട്ട്‌ലെറ്റിന് തുടക്കം. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ തുളുനാട് ഷോപ്പിങ് കോംപ്ലെക്‌സില്‍ റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം ഇന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇതോട് കൂടി സംസ്ഥാനത്ത് ആകെയുള്ള കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകളുടെ എണ്ണം 14 ആയി. സിവില്‍ സ്‌റ്റേഷനിലാണ് കാസർഗോഡ് ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്.

സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ചവറ (കൊല്ലം), പന്തളം, പത്തനംതിട്ട ടൗൺ (പത്തനംതിട്ട), കല്ലിശ്ശേരി (ആലപ്പുഴ), കുറവിലങ്ങാട് (കോട്ടയം), വാഗമണ്‍ (ഇടുക്കി), ഗുരുവായൂര്‍ (തൃശ്ശൂര്‍), കൊയിലാണ്ടി (കോഴിക്കോട്), പന്തലാംപാടം (പാലക്കാട്), കോട്ടയ്ക്കല്‍ (മലപ്പുറം), ഇരിട്ടി (കണ്ണൂർ) എന്നിവിടങ്ങളിലും റെസ്റ്റോറൻ്റുകൾ ആരംഭിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ രണ്ടാം പ്രീമിയം റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനം കാസർഗോഡ് മുനിസിപ്പാലിറ്റി സി.ഡി.എസിലെയും ചെങ്ങള സി.ഡി.എസിലെയും ആകെ 9 അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. 2100 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ കാസര്‍ഗോഡ് നഗരസഭ ഉപാധ്യക്ഷന്‍ കെ.എം. ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയും. ജനപ്രതിനിധികളും കുടുംബശ്രീ ഉദ്യോഗസ്ഥരും അയല്‍ക്കൂട്ടാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.