റീട്ടെയില്‍ വിപണി കീഴടക്കാന്‍ കുടുംബശ്രീ: പ്രീമിയം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ആറ് ജില്ലകളിലേക്ക് കൂടി

കുടുംബശ്രീയുടെ ഏകീകൃത ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന പ്രീമിയം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ റീട്ടെയില്‍ വിപണനം  കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഓണത്തിന് മുമ്പ് കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കൂടി ഉല്‍പന്നങ്ങള്‍ എത്തിക്കും. പദ്ധതിയുടെ ഭാഗമായി നേരത്തെ സംസ്ഥാനതലത്തില്‍ ആദ്യമായി തൃശൂര്‍ ജില്ലയില്‍ ഉല്‍പന്ന വിതരണം ആരംഭിച്ചിരുന്നു. പദ്ധതിയുമായി സഹകരിക്കുന്ന ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് വഴിയാണ് വിപണനം.

റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ചുവട് വയ്പ്പ്. സംരംഭകര്‍ക്ക് സുസ്ഥിര വിപണിയും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ റീട്ടെയില്‍ മേഖലയിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ പ്രവേശിക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ അയ്യായിരത്തിലധികം അംഗങ്ങളുടെ വ്യാപാര ശൃംഖല പ്രയോജനപ്പെടുത്തി കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള വിപണികളിലേക്ക് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.  

ആദ്യഘട്ടത്തില്‍ കാര്‍ഷികേതര മേഖലയിലെ സംരംഭകര്‍ തയ്യാറാക്കുന്ന സാമ്പാര്‍ മസാല, വെജിറ്റബിള്‍ മസാല, ഫിഷ് മസാല, ചിക്കന്‍ മസാല, മീറ്റ് മസാല, മുളകു പൊടി, മഞ്ഞള്‍പ്പൊടി, വിവിധ ധാന്യപ്പൊടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് ഇനം ഉല്‍പന്നങ്ങളാണ് റീട്ടെയില്‍ വിപണിയിലെത്തുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ റീട്ടെയില്‍ വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തും. ഈ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ്ങ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഗോള നിലവാരത്തിലുള്ള ഗുണമേന്‍മയും ആകര്‍ഷകമായ പാക്കേജിങ്ങും ഉറപ്പാക്കി കോര്‍പ്പറേറ്റ് ഉല്‍പന്നങ്ങള്‍ക്കു ബദലാകാന്‍ കഴിയുന്ന വിധം കുടുംബശ്രീ ഉല്‍പന്നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഓരോ ജില്ലയിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. ഇതിന്‍റെ ഭാഗമായി കണ്‍സോര്‍ഷ്യം രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്.