വയനാട്ടിലെ മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് വിവിധ സഹായങ്ങളേകി കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍. കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും വേണ്ട ഇടപെടലുകളാണ് കുടുംബശ്രീ നടത്തിവരുന്നത്.
മേപ്പാടി ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെ സമൂഹ അടുക്കളയില്‍ പാചകത്തിനും ക്യാമ്പിലെ ഭക്ഷണ വിതരണത്തിനും സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ ക്യാമ്പിലെ ശുചീകരണത്തിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിലാണ് നടത്തുന്നതും. ക്യാമ്പിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവശ്യ സഹായങ്ങള്‍ ഉറപ്പുവരുത്താനും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുമുണ്ട്.
ഇതുകൂടാതെ വീടുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് ആവശ്യ സാധനങ്ങളും, ഭക്ഷണവും എത്തിക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.
