ചക്കയുടെയും മാമ്പഴത്തിന്റെയും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് ഫെസ്റ്റുകള്‍ നമുക്കേവര്‍ക്കും പരിചതമാണ്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ കുടുംബശ്രീ സി.ഡി.എസ് ഒരു വ്യത്യസ്തമായ ഫെസ്റ്റ് ആണ് ഇത്തവണ ഒരുക്കിയത്. ബനാന ഫെസ്റ്റ്. ജില്ലയില്‍ നേന്ത്രവാഴക്കൃഷിക്ക് പേരുകേട്ട പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് മുന്‍കൈയെടുത്താണ് വാഴയുടെ ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഈ പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചത്.
പഴം കൊണ്ടുള്ള മിഠായി, വാഴക്കൂമ്പ് കട്‌ലറ്റ്, പഴം കിളിക്കൂട്, വാഴപ്പഴ കേക്ക്, വാഴക്കാമ്പ് തോരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന 135 ഇനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ മികച്ച വരുമാനമാര്‍ഗ്ഗം തുറന്ന് കൊടുക്കുകയായിരുന്നു ഫെസ്റ്റിന്റെ ലക്ഷ്യം. മേക്കാട്ട് ജി.വി.എച്ച്.എസ്.എസില്‍ ജൂലൈ 18ന് നടന്ന മേളയില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 263 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി എണ്ണൂറ്റമ്പതോളം വനിതകള്‍ ഭാഗമായി.
ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി. പത്മിനി, പി. കുഞ്ഞികൃഷ്ണന്‍, എ. രാജന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി കെ. ബിജു എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ബി. സീന സ്വാഗതവും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബാബു അപ്യാല്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ മേളയ്‌ക്കെത്തി.
